പെറുവിനെയും തകർത്ത്‌ അപരാജിത കുതിപ്പ് തുടർന്ന് അർജന്റീന

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ ബ്യൂണസ് അയേഴ്സ് സിറ്റിയിലെ സ്മാരക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ പരാജയപ്പെടുത്തി. ലയണൽ സ്കെലോണിയുടെ അർജന്റീന ലോകകപ്പ് യോഗ്യതയിൽ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു തോൽവി പോലും വഴങ്ങിയിട്ടില്ല. ആദ്യ പകുതിയിൽ ഇന്റർ മിലൻ സ്‌ട്രൈക്കർ ലടൂരോ മാർട്ടിനെസ് നേടിയ ഏക ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ഈ വിജയത്തോടെ അർജന്റീന അവരുടെ അപരാജിത റൺ 25 മത്സരങ്ങളിലേക്ക് നീട്ടി.

അർജന്റീനയ്ക്കുവേണ്ടി ഒക്ടോബറിൽ നടന്ന രണ്ട് മത്സരങ്ങളിൽ മാർട്ടിനെസ് രണ്ട് ഗോളുകൾ നേടി.ലയണൽ സ്കലോണിയുടെ ടീം ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല.റോഡ്രിഗോ ഡി പോളിന്റെ മറ്റൊരു മാൻ ഓഫ് ദി മാച്ച് പ്രകടനമാണ് ഇന്ന് കാണാൻ സാധിച്ചത്. 43 ആം മിനുട്ടിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നും റൈറ്റ് ബാക്ക് നഹുവേൽ മോളിന നൽകിയ ക്രോസിൽ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെയാണ് മാർട്ടിനെസ് പെറു വല ചലിപ്പിച്ചത്.രണ്ടാം പകുതിയിൽ അർജന്റീന പന്ത് കൂടുതൽ കൈവശം വെച്ചെങ്കിലും പെറു ഭീഷണി ഉയർത്തി കൊണ്ടിരുന്നു.

66 ആം മിനുട്ടിൽ പെനാൽറ്റി ഏരിയയ്ക്കുള്ളിൽ എമിലിയാനോ മാർട്ടിനെസിന്റെ ഫൗളിൽ പെറുവിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും യൊഷിമാർ യോതുൻ എടുത്ത കിക്ക് ക്രോസ്സ് ബാറിൽ തട്ടി പുറത്തു പോയി.രണ്ടാം പകുതിയിൽ ലിയോണൽ പരോഡസിനു,ഏഞ്ചൽ ഡി മരിയക്കു പകരം നിക്കോളാസ് ഗോൺസാലസ് ഗൈഡോ റോഡ്രിഗസ് എന്നിവരെ സ്കെലോണി പരീക്ഷിച്ചു.ഗോൺസാലസിന് ലീഡുയർത്താൻ മികച്ചൊരു അവസരം ലഭിക്കുകയും ചെയ്തു .സംഘടിതവും കഠിനവുമായ കളി പുറത്തെടുത്ത പെറുവിനെതിരെ രണ്ടാം പകുതിയിൽ അർജന്റീനയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനായില്ല.

ആദ്യ പകുതിയിൽ ആദ്യ മിനിറ്റുകളിൽ ഡി മരിയക്ക് ഗോൾ നേടാൻ മികച്ചൊരു അവസരം ലഭിച്ചു.10 ആം മിനുട്ടിൽ ഡി പോളിന്റെ ക്രോസിൽ നിന്നും റോമെറോ ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങി. 21 ആം മിനുട്ടിൽ പെറുവിനും അവസരം ലഭിച്ചെങ്കിലും അർജന്റീന കീപ്പർ മാർട്ടിനെസ് രക്ഷക്കെത്തി. 11 മത്സരങ്ങളിൽ 25 പോയിന്റുമായി ബ്രസീലിനു പിന്നിൽ രണ്ടാമതാണ് അർജന്റീന.

Rate this post