ഇകാർഡി പിഎസ്ജി വിട്ടു, ഇനി പുതിയ ക്ലബ്ബിനായി ഗോളടിക്കും |Mauro Icardi

തങ്ങൾക്ക് ആവശ്യമില്ലാത്ത നിരവധി സൂപ്പർതാരങ്ങളെ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാൻ ഫ്രഞ്ച് ശക്തികളായ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഈ കൂട്ടത്തിൽ രണ്ട് അർജന്റീന താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു. സൂപ്പർ താരങ്ങളായ ഡി മരിയ,പരേഡസ് എന്നിവർ പിഎസ്ജിയോട് വിട പറഞ്ഞുകൊണ്ട് യുവന്റസിലേക്കായിരുന്നു പോയിരുന്നത്.

ഇപ്പോഴിതാ ക്ലബ്ബിലെ മറ്റൊരു അർജന്റൈൻ താരവും ക്ലബ് വിട്ടിട്ടുണ്ട്. സ്ട്രൈക്കറായ മൗറോ ഇക്കാർഡിയാണ് പിഎസ്ജി വിട്ടിട്ടുള്ളത്. തുർക്കിഷ് ക്ലബ്ബായ ഗലാറ്റസറായിലേക്കാണ് ഇക്കാർഡി പോയിട്ടുള്ളത്. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ഈ കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചിട്ടുണ്ട്.

ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഇക്കാർഡി ഗലാറ്റസറായിലേക്ക് കൂട് മാറിയിട്ടുള്ളത്. ഈ സീസണിന് ശേഷം താരത്തെ പെർമനന്റ് ആക്കാനുള്ള അവസരവും ഈ തുർക്കിഷ് ക്ലബ്ബിന് ലഭ്യമാണ്. ഇപ്പോൾ ഇക്കാർഡിയുടെ സാലറിയുടെ ഭൂരിഭാഗം ഭാഗവും നൽകാമെന്ന് പിഎസ്ജി ഏറ്റിട്ടുണ്ട്.താരത്തിന് ക്ലബ്ബിൽ ഇടമില്ല എന്നുള്ളത് പരിശീലകനായ ഗാൾട്ടിയർ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ ഈ സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും ക്ലബ്ബിന് വേണ്ടി പങ്കെടുക്കാൻ ഈ അർജന്റീന താരത്തിന് കഴിഞ്ഞിരുന്നില്ല. 2019ൽ ലോണിൽ ഇന്റർ മിലാനിൽ നിന്നും പിഎസ്ജിയിലെത്തിയ ഇക്കാർഡിയെ തൊട്ടടുത്ത സീസണിൽ പിഎസ്ജി പെർമെനന്റ് ആക്കുകയായിരുന്നു. ഇതുവരെ ക്ലബ്ബിന് വേണ്ടി ആകെ 92 മത്സരങ്ങൾ കളിച്ച താരം 38 ഗോളുകൾ നേടിയിട്ടുണ്ട്.

യുവസൂപ്പർ താരമായ ഹ്യൂഗോ എകിറ്റിക്കെയെ ഈ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി എത്തിച്ചിരുന്നു.ഇതോടുകൂടിയാണ് ക്ലബ്ബിൽ നിന്നും താരം പൂർണമായും പുറത്തായത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവർ ഉള്ളതിനാൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമായിരുന്നു ഈ മുന്നേറ്റ നിര താരത്തിന് ലഭിച്ചിരുന്നത്.അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി എട്ട് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് ഇക്കാർഡി.

Rate this post