അർജന്റീന യുവതാരം മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് സ്ക്വാഡുകളിൽ ഇടം നേടി
ലോകകപ്പിന് ശേഷമുള്ള ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അർജന്റീനിയൻ താരങ്ങൾക്ക് ആവശ്യക്കാർ കൂടുതലായിരുന്നു. നിരവധി താരങ്ങളെ യൂറോപ്പിലെ പല ക്ലബുകളും സ്വന്തമാക്കി. പ്രധാനമായും അർജന്റീനിയൻ ലീഗിൽ കളിക്കുന്ന യുവതാരങ്ങളെയാണ് ക്ലബുകൾ സ്വന്തമാക്കിയത്. അതിലൊരാളായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ മാക്സിമോ പെറോൺ.
ഇപ്പോൾ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ മധ്യനിര താരമായ മാക്സിമോ പെറോണിനെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ താരത്തിന് കൂടുതൽ അവസരങ്ങൾ ഈ സീസൺ മുതൽ തന്നെ ലഭിച്ചു തുടങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. വെലസ് സാർസ്ഫീൽഡിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റി പെറോണിനെ സ്വന്തമാക്കിയത്.
ചാമ്പ്യൻസ് ലീഗ് വെബ്സൈറ്റ് പ്രകാരം താരം 32 നമ്പർ ഷർട്ട് ധരിക്കും. ഏകദേശം 8 മില്യൺ പൗണ്ട് നൽകിയാണ് പെറോണിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഈ സീസണിൽ വെലാസിനായി മൂന്നു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്. ഹൂലിയൻ അൽവാരസിനെ കഴിഞ്ഞ ജനുവരിയിൽ സ്വന്തമാക്കിയതിന് പിന്നാലെയാണ് മാഞ്ചസ്റ്റർ സിറ്റി മറ്റൊരു അർജന്റീന താരത്തെക്കൂടി ടീമിലെത്തിച്ചത്.
Máximo Perrone included in Manchester City’s Premier League, Champions League squads. https://t.co/AhrcZNAEiO pic.twitter.com/BK0XPiSu5C
— Roy Nemer (@RoyNemer) February 3, 2023
ജോവോ കാൻസലോ ക്ലബ് വിട്ടതാണ് പെറോണിന് ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഇടം പിടിക്കാനുള്ള വഴിയൊരുക്കിയത്. പോർച്ചുഗൽ താരം ജനുവരിയിൽ ലോൺ കരാറിൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്കാണ് ചേക്കേറിയത്. പെപ് ഗ്വാർഡിയോളയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കാൻസലോ ക്ലബ് വിടാൻ കാരണമായതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും അത് പെറോണിന് ഗുണം ചെയ്തുവെന്നതിൽ സംശയമില്ല.