എന്റെ ബുദ്ധിമുട്ട് അവസാനിച്ചു, ചരിത്രത്തിലെ മികച്ച താരം മെസ്സിയാണ്: ഒടുവിൽ സെർജിയോ റാമോസും സമ്മതിക്കുന്നു

കളിക്കളത്തിനകത്ത് ഒരുപാട് കാലം എതിരാളികളായി കൊണ്ട് ഏറ്റുമുട്ടിയിരുന്ന സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും സെർജിയോ റാമോസും.ലാലിഗയിലെ പ്രധാനപ്പെട്ട എതിരാളികളായ എഫ്സി ബാഴ്സലോണക്കും റയൽ മാഡ്രിഡിനും വേണ്ടിയായിരുന്നു ഈ രണ്ടു താരങ്ങളും കളിച്ചിരുന്നത്.എൽ ക്ലാസിക്കോ ഉണ്ടാവുന്ന സമയത്തൊക്കെ ഇവർ രണ്ടുപേരും ഏറ്റുമുട്ടിയിരുന്നു.

പക്ഷേ ഫുട്ബോൾ ആരാധകർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത രൂപത്തിലാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനായിരുന്ന സെർജിയോ റാമോസ് ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജിയിൽ എത്തി.അതിനു പിന്നാലെ ബാഴ്സയുടെ ക്യാപ്റ്റനായിരുന്നു ലയണൽ മെസ്സിയും ഫ്രീ ട്രാൻസ്ഫറിൽ പിഎസ്ജിയിൽ എത്തിയതോടുകൂടി അസാധ്യമായതെന്ന് കരുതിയത് സാധ്യമാവുകയായിരുന്നു.

ലയണൽ മെസ്സിയും സെർജിയോ റാമോസും സുഹൃത്തുക്കളായി മാറി. കളിക്കളത്തിലും കളത്തിന് പുറത്തും ഇരുവരും ഒരുമിച്ച് സൗഹൃദ നിമിഷങ്ങൾ പങ്കിട്ടു.മെസ്സിയെക്കുറിച്ച് ഇപ്പോൾ സെർജിയോ റാമോസ് ഒരു സമ്മതിക്കൽ നടത്തിയിട്ടുണ്ട്.അതായത് ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ് എന്നാണ് റാമോസ് സമ്മതിച്ചത്.പിഎസ്ജി ടിവിയോട് സംസാരിക്കുകയായിരുന്നു ഈ ഡിഫൻഡർ.

‘ലയണൽ മെസ്സിക്കെതിരെ ഒരുപാട് വർഷങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കളിക്കുമ്പോഴൊക്കെ എനിക്ക് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.പക്ഷേ ഇപ്പോൾ ഞങ്ങൾ സഹതാരങ്ങൾ ആയതിനാൽ ആ പ്രയാസങ്ങൾ അവസാനിച്ചിട്ടുണ്ട്.അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള എക്കാലത്തെയും മികച്ച താരം മെസ്സിയാണ് ‘റാമോസ് പറഞ്ഞു.

മെസ്സിയെയും റാമോസിനെയും ഒരുമിച്ച് എത്തിച്ചിട്ടും തങ്ങളുടെ സ്വപ്നം ഇതുവരെ പൂർത്തിയാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല.ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ഇരുവരെയും എത്തിച്ചത് ഒരു ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയാണ്.ഇത്തവണ ആ ക്ഷാമത്തിന് അറുതി വരുമെന്നാണ് പിഎസ്ജിയും അവരുടെ ആരാധകരും സ്വപ്നം കാണുന്നത്.

Rate this post