എംബാപ്പെ അറ്റലാന്റക്കെതിരെ തിരിച്ചെത്തിയേക്കും, സൂചനകൾ നൽകി പിഎസ്ജി.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടി കിലിയൻ എംബാപ്പെയുടെ പരിക്കായിരുന്നു. ജൂലൈ ഇരുപത്തിനാലിന് കോപ്പേ ഡി ഫ്രാൻസിന്റെ ഫൈനലിൽ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്. ആങ്കിൾ ഇഞ്ചുറിയേറ്റ താരത്തിന് മൂന്നാഴ്‌ചയോളം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു റിപ്പോർട്ട്‌. എന്നാലിപ്പോൾ കൂടുതൽ ശുഭകരമായ വാർത്തകളാണ് പിഎസ്ജി ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. താരം അറ്റലാന്റക്കെതിരെ കളിക്കാനുള്ള ചെറിയ സാധ്യതകൾ അവശേഷിക്കുന്നുണ്ട് എന്നാണ് പുതിയ വാർത്തകൾ.

മുഖ്യധാരാ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഈ റിപ്പോർട്ട്‌ പുറത്തുവിട്ടിരിക്കുന്നത്. ശനിയാഴ്ച്ചത്തെ പരിശീലനവേളയിൽ താരം ചെറിയ രീതിയിലുള്ള പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ടീമിനൊപ്പം അല്ലാതെ സ്വന്തമായാണ് താരം പരിശീലനം നടത്തിയത്. കൂടാതെ കുറച്ചു ഷോട്ടുകൾ ഒക്കെ എടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. പിഎസ്ജി പ്രതീക്ഷിച്ചതിലും വേഗത്തിലാണിപ്പോൾ എംബാപ്പെയുടെ പരിക്ക് ഭേദമായി കൊണ്ടിരിക്കുന്നത്. അറ്റലാന്റക്കെതിരെയുള്ള സ്‌ക്വാഡിൽ എംബാപ്പെയെയും പരിക്കേറ്റ മാർക്കോ വെറാറ്റിയെയും പരിശീലകൻ ടുഷേൽ ഉൾപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലെ താരത്തിന്റെ പുരോഗതി അനുസരിച്ച് തീരുമാനം കൈകൊണ്ടേക്കും.

മുൻപ് എംബാപ്പെയുടെ തിരിച്ചുവരവിനെ കുറിച്ച് ടുഷേൽ സംസാരിക്കാനും സമയം കണ്ടെത്തിയിരുന്നു. ” വളരെ കുറച്ചു സമയം മാത്രമേ ഇനി ഞങ്ങൾക്ക് മുന്നിലൂള്ളൂ. ഞങ്ങൾ ഇന്ന് ഡോക്ടർമാരുമായി സംസാരിച്ചിരുന്നു. വരും ദിവസങ്ങളിൽ താരത്തിന്റെ പുരോഗതി വിലയിരുത്തും. അതിന് ശേഷം സാധ്യമാണെങ്കിൽ താരം അറ്റലാന്റക്കെതിരെ ബെഞ്ചിൽ ഉണ്ടാവും. വളരെ കൂടുതൽ ഒന്നും തന്നെ ഞാൻ പ്രതീക്ഷിക്കുന്നില്ല ” ബുധനാഴ്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് ശേഷം താരം വളരെ വേഗത്തിൽ പുരോഗതി പ്രാപിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

പിഎസ്ജി താരങ്ങളായ മാർക്കോ വെറാറ്റി, ലൈവിൻ കുർസാവ, തിലോ കെഹ്റർ എന്നിവരൊക്കെ തന്നെയും പരിക്കിന്റെ പിടിയിലാണ്. കൂടാതെ സസ്പെൻഷൻ മൂലം ഡിമരിയക്കും മത്സരം കളിക്കാൻ സാധിച്ചേക്കില്ല. ഓഗസ്റ്റ് പന്ത്രണ്ടിന് രാത്രി 12:30 നാണ് മത്സരം.

Rate this post