ഫാബ്രിഗസിനൊപ്പം മെസ്സിയും ആഴ്‌സണലിൽ എത്തേണ്ടതായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഏജന്റ് !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള ക്ലബാണ് എഫ്സി ബാഴ്സലോണ. താരത്തിന്റെ വളർച്ചക്കും നേട്ടങ്ങൾക്കും ബാഴ്‌സ എന്ന ക്ലബ് വഹിച്ച പങ്ക് തെല്ലൊന്നുമല്ല. മെസ്സിയില്ലാത്ത ബാഴ്സയെ ആരാധകർക്ക് സങ്കൽപ്പിക്കാവുന്നതിലുമപ്പുറമാണ്. പക്ഷെ അത്തരമൊരു അവസ്ഥയിലേക്കായിരുന്നു ഇപ്രാവശ്യം കാര്യങ്ങൾ സംഭവിച്ചിരുന്നത്. മെസ്സി ബാഴ്സ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറും എന്ന ശക്തമായ അഭ്യൂഹങ്ങൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ പരന്നിരുന്നു. പക്ഷെ ആരാധകർ ഭയപ്പെട്ടത് സംഭവിച്ചില്ല.

എന്നാൽ മെസ്സി ആഴ്‌സണലിൽ കളിക്കുന്നത് സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ. മെസ്സി ആഴ്സണലിൽ എത്താൻ സാധ്യതകൾ വളരെ വിരളമായത് കൊണ്ട് ആരും അങ്ങനെ സങ്കൽപ്പിച്ചിട്ടുണ്ടാവില്ല. പക്ഷെ മെസ്സി ആഴ്‌സണലിൽ എത്തേണ്ടതായിരുന്നു എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. മെസ്സി സമ്മതം മൂളിയിരുന്നുവെങ്കിൽ മെസ്സി ആഴ്സണലിൽ എത്തിയേനെ എന്നാണ് താരത്തിന്റെ മുൻ ഏജന്റ് ആയ ഫാബിയാൻ സോൾഡിനി വെളിപ്പെടുത്തിയിരിക്കുന്നത്. 2003-ലായിരുന്നു സംഭവം.

അന്ന് ബാഴ്സ അക്കാദമിയിൽ കളിക്കുന്ന മെസ്സിയെയും സെസ്ക് ഫാബ്രിഗസിനേയും ടീമിൽ എത്തിക്കാനായിരുന്നു ഗണ്ണേഴ്സിന്റെ ശ്രമം.ഇരുവരെയും ക്ലബ്ബിൽ ചേരാൻ ആഴ്‌സണൽ അധികൃതർ പ്രലോഭിപ്പിച്ചിരുന്നു. തുടർന്ന് സൂപ്പർ താരമായ ഫാബ്രിഗസ് ആഴ്‌സണലിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. മെസ്സിയെയും ആഴ്‌സണൽ അധികൃതർ ക്ഷണിച്ചിരുന്നു. എന്നാൽ മെസ്സി ക്ഷണം നിരസിക്കുകയും ബാഴ്സയിൽ തന്നെ തുടരാനാണ് താല്പര്യമെന്ന് അറിയിക്കുകയായിരുന്നു. ഗണ്ണേഴ്സിന്റെ പ്രലോഭനങ്ങളിൽ വീണ് മെസ്സി സമ്മതം മൂളിയിരുന്നുവെങ്കിൽ മെസ്സി ആഴ്‌സണൽ ജേഴ്സിയിൽ കളിച്ചേനെ.

” ആഴ്‌സണലിലേക്ക് പോവാൻ മെസ്സി പ്രലോഭിക്കപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം പോയില്ല. പക്ഷെ സെസ്ക് ഫാബ്രിഗസ് ബാഴ്സ വിടാൻ അനുവാദം ചോദിച്ച ആ ദിവസത്തെ ഇന്നും ഞാനോർക്കുന്നു. മെസ്സിക്കും അന്ന് വേണമെങ്കിൽ ക്ലബ്ബിനോട് അനുവാദം ചോദിച്ച് ബാഴ്സ വിടാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചു ” ഫാബിയാൻ സോൾഡിനി പറഞ്ഞു. 2003 മുതൽ 2011 വരെ ആഴ്‌സണലിൽ കളിച്ച ഫാബ്രിഗസ് പിന്നീട് ബാഴ്സയിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടർന്ന് 2014 വരെ താരം ബാഴ്സയിൽ കളിച്ചു.

Rate this post