അടുത്ത സീസണിലും മെസ്സി ബാഴ്സ വിടില്ല, പക്ഷെ നിബന്ധനകൾ ഇതൊക്കെ.
സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ ബാഴ്സയുടെ കൂടെയുണ്ടാവുമെന്ന് അദ്ദേഹം ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മെസ്സി ക്ലബ് വിടാൻ തീരുമാനിക്കാനുള്ള കാരണം ക്ലബ്ബിന്റെ മാനേജ്‌മെന്റും പ്രസിഡന്റ് ബർത്തോമുവുമാണ് എന്ന് തുറന്നു പറഞ്ഞിരുന്നു. ക്ലബ്ബിന്റെ മോശം പ്രോജക്ടുകളും അതിനെ തുടർന്ന് ഉണ്ടാവുന്ന മോശം മത്സരഫലങ്ങളുമാണ് മെസ്സിയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. ഏതായാലും ഈ സീസണിൽ തുടർന്നാലും അടുത്ത സീസണിൽ താരം ബാഴ്സ വിടും എന്നാണ് കണക്കുകൂട്ടലുകൾ. എന്നാൽ മെസ്സിയുടെ മനസ്സ് മാറ്റിയേക്കാവുന്ന ചില കാര്യങ്ങളുണ്ട്. അത് സംഭവിച്ചാൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാനുള്ള സാധ്യതകൾ ഉണ്ട്.
1- ഇലക്ഷൻ : മെസ്സിയുടെ ഏറ്റവും വലിയ പ്രശ്നം ബാഴ്സ മാനേജ്മെന്റ് ആണ്. പക്ഷെ അതിനുള്ള പരിഹാരം അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഇലക്ഷനിൽ ഉണ്ടാവും. പുതിയ പ്രസിഡന്റും പുതിയ ബോർഡും വരും. അവരുടെ തീരുമാനങ്ങളും അവരുടെ പദ്ധതികളും മെസ്സിയെ തൃപ്തിപ്പെടുത്താനും ബോധ്യപ്പെടുത്താനും കഴിഞ്ഞാൽ മെസ്സി തുടരാൻ സാധ്യതയുണ്ട്.
Leo Messi hasn't ruled out staying at Barcelona beyond next seasonhttps://t.co/ifndG53WO6
— SPORT English (@Sport_EN) September 6, 2020
2-സാവിയെ കൊണ്ടുവരൽ : ബാഴ്സയുടെ പരിശീലകനായി മുൻ ഇതിഹാസതാരം സാവിയെ കൊണ്ടുവരണമെന്ന ആവിശ്യക്കാരനാണ് മെസ്സി. മുമ്പ് വാൽവെർദെയെ പുറത്താക്കിയ സമയത്ത് സാവിയെ കൊണ്ടുവരാൻ മെസ്സി ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. പുതുതായി വരുന്ന മാനേജ്മെന്റ് സാവിയെ കൊണ്ടുവന്നാൽ ഒരുപക്ഷെ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ സാധ്യതയുണ്ട്. ബാഴ്സയെ അടുത്തറിയുന്ന സാവിക്ക് പഴയ ബാഴ്സയെ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് മെസ്സി അടിയുറച്ചു വിശ്വസിക്കുന്നത്.
3- മെസ്സിയുടെ കുടുംബം : താൻ ബാഴ്സ വിടുന്ന കാര്യം പറഞ്ഞപ്പോൾ കുടുംബം ഒന്നടങ്കം കരഞ്ഞുവെന്ന് മെസ്സി വെളിപ്പെടുത്തിയിരുന്നു. മെസ്സിയുടെ കുടുംബത്തെ സംബന്ധിച്ചെടുത്തോളം മറ്റൊരിടത്തേക്ക് മാറുക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒന്നാണ്. കുടുംബം സന്തോഷമായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. ഒരുപക്ഷെ കുടുംബത്തിന്റെ നിർബന്ധപ്രകാരം മെസ്സി ബാഴ്സയിൽ തുടർന്നേക്കാം.
4-മറ്റുള്ള ക്ലബുകളുടെ ഓഫറുകൾ : മെസ്സിയെ സംബന്ധിച്ചെടുത്തോളം വിജയങ്ങളും കിരീടങ്ങളുമാണ് താരത്തെ സന്തോഷമാക്കുന്നത്. അതിനാൽ തന്നെ അത് ലഭിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം ക്ലബ് മാറുന്നത്. അത് കൊണ്ടു തന്നെ വിന്നിംഗ് പ്രൊജക്റ്റ് കൈവശമുള്ള ഒരു ടീം താരത്തെ സമീപിച്ചാൽ മാത്രമേ താരം ആ ക്ലബ്ബിലേക്ക് കൂടുമാറുകയൊള്ളൂ. അല്ലാത്ത പക്ഷം മെസ്സി ബാഴ്സയിൽ തുടർന്നേക്കും. ബാഴ്സയുടെ ഈ വരുന്ന സീസണിലെ പ്രകടനവും മെസ്സി ചേക്കേറാൻ ഉദ്ദേശിക്കുന്ന സിറ്റിയുടെ വരുന്ന സീസണിലെ പ്രകടനം തീരുമാനത്തിൽ നിർണായക സ്വാധീനം ചെലുത്തും.