മെസ്സി ബാഴ്സയോട് ചെയ്യാൻ പോവുന്നത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ചതി, താരത്തിനെതിരെ ആഞ്ഞടിച്ച് സ്പാനിഷ് ജേണലിസ്റ്റ്.
കഴിഞ്ഞു ആഴ്ച്ചയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി തനിക്ക് ക്ലബ് വിടണം എന്നറിയിച്ചു കൊണ്ട് ബാഴ്സ ക്ലബ് അധികൃതർക്ക് ബറോഫാക്സ് അയച്ചത്. തുടർന്ന് അതിനെ ചൊല്ലി ഈ ആഴ്ച്ച മുഴുവനും വലിയ തോതിൽ ഊഹാപോഹങ്ങളും വാർത്തകളും കിംവദന്തികളും പരന്നിരുന്നു. എന്നാൽ മെസ്സി ക്ലബ് വിടണമെന്ന തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇത്രയും നാൾ ചെയ്തത്. ഇതേ രീതി തന്നെയാണ് ബാഴ്സയും പ്രസിഡന്റ് ബർത്തോമുവും പിൻപറ്റിയത്. എന്തൊക്കെ സംഭവിച്ചാലും മെസ്സിയെ വിട്ടുനൽകുന്ന പ്രശ്നമില്ല എന്ന തീരുമാനത്തിലാണ് ബാഴ്സയും.
എന്നാൽ അതിനിടെ ബാഴ്സ വിടാനുള്ള മെസ്സിയുടെ തീരുമാനത്തെ നഖശിഖാന്തം എതിർക്കുകയും വളരെ രൂക്ഷമായ രീതിയിൽ വിമർശിക്കുകയും ചെയ്തിരിക്കുകയാണ് പ്രമുഖസ്പാനിഷ് ജേണലിസ്റ്റ് ആയ എഡു അഗ്വിറെ. കുറച്ചു മുമ്പ് സ്പാനിഷ് ടിവി പ്രോഗ്രമായ എൽ ചിരിങ്കിറ്റൊ ഡി ജൂഗോനസ് എന്നതിലാണ് മെസ്സിക്കെതിരെ ആഞ്ഞടിച്ചത്. മെസ്സി ബാഴ്സ വിടുകയാണെങ്കിൽ അത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ചതിയായിരിക്കുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ബാഴ്സലോണ ആരാധകർ ഇതല്ല അർഹിക്കുന്നതെന്നും മെസ്സി അവരെ കൈവെടിയുകയാണ് ചെയ്യുന്നതെന്നും ഇത് ചതിയാണ് എന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.
"Messi is carrying out the greatest betrayal in the history of football"
— MARCA in English (@MARCAinENGLISH) September 2, 2020
A big statement from @EduAguirre7
😳https://t.co/d27oSepToT pic.twitter.com/bq0yKEaldR
“എന്നെ സംബന്ധിച്ചെടുത്തോളം, മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ചതിക്കാണ് ഒരുങ്ങുന്നത്. ബാഴ്സ ആരാധകർ ഇതല്ല അർഹിക്കുന്നത്. മെസ്സിയെ അവരെ കൈവെടിയുന്നത് ചതിക്ക് തുല്യമാണ്. ഇപ്പോൾ മെസ്സി ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ ഒരു പത്രസമ്മേളനം വിളിച്ചു ചേർക്കണം. എന്നിട്ട് താൻ ബാഴ്സയിൽ തന്നെ തുടരുമെന്നും എനിക്ക് ഈ ക്ലബ് എന്താണ് എന്ന് അറിയാമെന്നും എനിക്കിവിടെ ഒരുപാട് ഓർമ്മകൾ ഉണ്ട് എന്നുമാണ് പ്രഖ്യാപിക്കേണ്ടത്. മുങ്ങിതാഴുന്ന ഒരു ബോട്ടിൽ നിന്ന് ചാടിരക്ഷപ്പെടുകയാണ് മെസ്സി ഇപ്പോൾ ചെയ്യുന്നത്. മെസ്സി ഒരു കാരണവശാലും ഇപ്പോൾ ക്ലബ് വിടാൻ പാടില്ല ” എഡു അഗ്വിറെ പറഞ്ഞു.
മെസ്സി ഈ ഒരു അവസ്ഥയിൽ ബാഴ്‌സയെ ഉപേക്ഷിക്കാൻ പാടില്ല എന്നാണ് അദ്ദേഹം രൂക്ഷമായ രീതിയിൽ ഉപേക്ഷിച്ചത്. എന്തായാലും നിലവിൽ ബാഴ്സ വിടണമെന്ന തന്റെ മോഹത്തിൽ നിന്ന് മെസ്സി പിന്മാറിയിട്ടില്ല.