ലോകകപ്പ് കിരീടം പിഎസ്‌ജിയുടെ മൈതാനത്ത് പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി മെസി

ഖത്തർ ലോകകപ്പ് കിരീടം ലയണൽ മെസിയുടെ കരിയറിന് പൂർണത നൽകിയ ഒന്നാണ്. വളരെക്കാലമായി സ്വപ്‌നമായി കൊണ്ടു നടന്നിരുന്ന കാര്യം കടുത്ത പോരാട്ടത്തിലൂടെയാണ് ലയണൽ മെസിയും സംഘവും നേടിയെടുത്തത്. ക്ലബ് തലത്തിലും ദേശീയ ടീമിനായി പ്രധാനപ്പെട്ട എല്ലാ നേട്ടവും ഇതോടെ സ്വന്തം പേരിലാക്കാൻ മെസിക്ക് കഴിഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ആരും എതിരഭിപ്രായം പറയാതെ തന്നെ കയറി നിൽക്കാനും ഈ ലോകകപ്പ് നേട്ടം ലയണൽ മെസിയെ സഹായിച്ചിട്ടുണ്ട്.

അതേസമയം താൻ നേടിയ ലോകകപ്പ് കളിക്കുന്ന ക്ലബിലെ കാണികൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയെന്ന ലയണൽ മെസിയുടെ ആഗ്രഹം നടക്കുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ലോകകപ്പ് ട്രോഫി പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡി പ്രിൻസസിൽ പ്രദർശനത്തിന് വെക്കണമെന്ന ആവശ്യം ലയണൽ മെസി മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും ക്ലബ് നേതൃത്വം അതനുവദിക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. ഫൈനലിൽ അർജന്റീന തോൽപ്പിച്ചത് ഫ്രാൻസിനെയാണെന്നതിനാൽ ആരാധകർ അതിനെ എങ്ങിനെ സ്വീകരിക്കുമെന്നാണ് ക്ലബ്ബിനെ കുഴപ്പിക്കുന്നത്.

അതേസമയം ലയണൽ മെസി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് പൂർണമായും തള്ളിക്കളയാൻ ക്ലബ് നേതൃത്വത്തിന് കഴിയില്ല. ഈ സീസണോടെ കരാർ അവസാനിക്കുന്ന ലയണൽ മെസിയുമായി കോണ്ട്രാക്റ്റ് പുതുക്കാനുള്ള ശ്രമങ്ങൾ ക്ലബ് നടത്തുകയാണ്. ഇതിനിടയിൽ താരത്തിന്റെ ആവശ്യം തള്ളിയാൽ അത് കരാർ പുതുക്കുന്നതിനെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ആഗോളതലത്തിൽ തന്നെ ലയണൽ മെസി നിറഞ്ഞു നിൽക്കുന്ന സമയമാണെന്നതിനാൽ താരത്തെ വിട്ടു കൊടുക്കാൻ പിഎസ്‌ജി ഒരിക്കലും തയ്യാറാവില്ലെന്നുറപ്പാണ്.

ഡിസംബർ 28നാണ് പിഎസ്‌ജിയുടെ മത്സരങ്ങൾ വീണ്ടും ആരംഭിക്കുന്നത്. പിഎസ്‌ജി ടീമിലുണ്ടായിരുന്ന മറ്റുള്ള അർജന്റീനിയൻ താരങ്ങളെല്ലാം ക്ലബ് വിട്ടതിനാൽ ഇക്കാര്യത്തിൽ ലയണൽ മെസിക്കുള്ള പിന്തുണ കുറവായിരിക്കും. ആരാധകർക്ക് പ്രകോപനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ലയണൽ മെസി തന്നെ ലോകകപ്പ് പ്രദര്ശിപ്പിക്കുന്നതിൽ നിന്നും പിന്മാറാനുള്ള സാധ്യതയുണ്ട്. ഫൈനലിൽ ഹാട്രിക്ക് നേടിയിട്ടും തോൽവി വഴങ്ങേണ്ടി വന്ന എംബാപ്പയും കിരീടം പ്രദർശിപ്പിക്കുമ്പോൾ അവിടെ ഉണ്ടാകുമെന്നതും ഒരു യാഥാർത്ഥ്യമാണ്.

Rate this post