ലയണൽ മെസ്സി ഇന്റർ മിലാനിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി അർജന്റൈൻ ഇതിഹാസം സനേട്ടി |Lionel Messi

ലയണൽ മെസ്സി അടുത്ത സീസണിൽ മറ്റൊരു ക്ലബ്ബിന് വേണ്ടി കളിക്കാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കിയതിനുശേഷം അവരോട് വിട പറയും.പിഎസ്ജിക്ക് മെസ്സിയുടെ കരാർ പുതുക്കാൻ താല്പര്യമുണ്ടെങ്കിലും മെസ്സി അതിന് താല്പര്യപ്പെടുന്നില്ല.ആരാധകരുടെ മോശം പെരുമാറ്റം മെസ്സിയെ കൂടുതൽ മടുപ്പിച്ചിട്ടുണ്ട്.

ഓരോ ദിവസം കൂടുംതോറും ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെയെത്തുന്നതിനോട് അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.ലയണൽ മെസ്സിയും അത് തന്നെയാണ് ആഗ്രഹിക്കുന്നത്.എല്ലാ പ്രതിസന്ധികളും തരണം ചെയ്തുകൊണ്ട് അടുത്ത സീസണിൽ മെസ്സി ബാഴ്സയുടെ ജേഴ്സിയിൽ ഉണ്ടാവും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.യൂറോപ്പിന് പുറത്തുള്ള ക്ലബ്ബുകളിൽ നിന്നും മെസ്സിക്ക് ഇപ്പോൾ ഓഫറുകൾ ലഭിക്കുന്നുണ്ട്.

മെസ്സിയെ ഇന്റർമിലാനുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾക്ക് ഏറെ കാലത്തെ പഴക്കമുണ്ട്.മെസ്സിയുടെ ട്രാൻസ്ഫർ റൂമറുകൾ നിറഞ്ഞ നിൽക്കുന്ന ഈ സമയത്ത് ഇന്റർ മിലാൻ മെസ്സിക്ക് വേണ്ടി ശ്രമിക്കുമോ എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമായിരുന്നു.എന്നാൽ അർജന്റൈൻ ഇതിഹാസവും ക്ലബ്ബിന്റെ വൈസ് പ്രസിഡന്റുമായ ഹവിയർ സനേട്ടി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.നിലവിലെ സാമ്പത്തിക സ്ഥിതിയിൽ മെസ്സിയെ കൊണ്ടുവരാൻ കഴിയില്ല എന്നാണ് സനേട്ടി പറഞ്ഞിട്ടുള്ളത്.

‘ലയണൽ മെസ്സി ഇപ്പോൾ ഇന്റർ മിലാനിൽ നിന്നും വളരെ ദൂരെയാണ്.അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്താൻ ഞങ്ങൾക്ക് സാധിക്കില്ല.കാരണം ഇറ്റലിയിലെ സാമ്പത്തികപരമായ സ്റ്റാൻഡേഡുകൾ വളരെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ പോലെ ഒരു താരത്തെ സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിക്കില്ല ‘ഇതാണ് ഹവിയർ സനേട്ടി പറഞ്ഞിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിച്ച ക്ലബ്ബുകളിൽ ഒന്നാണ് ഇന്റർമിലാൻ.അതിന്റെ പരിണിതഫലമായി കൊണ്ട് തന്നെ വലിയ സൈനിങ്ങുകൾ നടത്താൻ അവർക്ക് അനുവാദമില്ല.അതേസമയം ചാമ്പ്യൻസ് ലീഗിൽ ഉജ്ജ്വല പ്രകടനമാണ് ഇന്റർമിലാൻ നടത്തുന്നത്.എസി മിലാനെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനൽ പ്രവേശനം അവർ സാധ്യമാക്കിയിരുന്നു.പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയാണ് ഫൈനലിൽ ഇന്റർ മിലാൻ നേരിടുക.