ഫുട്ബോൾ ചരിത്രത്തിലെ സമ്പൂർണ്ണനായ ഏകതാരം മെസ്സി മാത്രമാണ്,മറ്റാർക്കും അതിന് കഴിഞ്ഞിട്ടില്ല : എമിലിയാനോ മാർട്ടിനസ്

ലയണൽ മെസ്സിക്ക് ഏറെക്കാലം വിമർശനങ്ങൾ കേൾക്കേണ്ടിവന്നത് അർജന്റീന ദേശീയ ടീമിനൊപ്പം ഒരു അന്താരാഷ്ട്ര കിരീടം ഇല്ലാത്തതിന്റെ പേരിലായിരുന്നു. വർഷങ്ങളോളമാണ് മെസ്സി വേട്ടയാടപ്പെട്ടത്.പക്ഷേ അതിന് അറുതി വരുത്താൻ 2021ൽ മെസ്സിക്ക് സാധിച്ചിരുന്നു.ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കോപ്പ അമേരിക്ക കിരീടം അർജന്റീന നേടിയിരുന്നത്.

അപ്പോൾ പലരും ചൂണ്ടിക്കാണിച്ചിരുന്ന പ്രധാന അഭാവം മെസ്സിക്ക് വേൾഡ് കപ്പ് കിരീടം ഇല്ല എന്നുള്ളതായിരുന്നു.കഴിഞ്ഞവർഷം അർജന്റീനക്കൊപ്പം മെസ്സി അതും കരസ്ഥമാക്കി.ഇതോടുകൂടി ലയണൽ മെസ്സി സമ്പൂർണ്ണനായി, ഇനി ഒന്നും അദ്ദേഹത്തിന് ലോക ഫുട്ബോളിൽ തെളിയിക്കാനില്ല എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.തീർച്ചയായും എത്തിപ്പിടിക്കാൻ കഴിയാവുന്ന നേട്ടങ്ങളെല്ലാം മെസ്സി എത്തിപ്പിടിച്ചു കഴിഞ്ഞു എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യമാണ്.

അർജന്റീനയുടെ വേൾഡ് കപ്പ് കിരീടത്തിൽ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന് വലിയ റോൾ ഉണ്ട്.അദ്ദേഹം ലയണൽ മെസ്സിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇപ്പോൾ ഒരിക്കൽ കൂടി ഷെയർ ചെയ്തു കഴിഞ്ഞു.അതായത് ഫുട്ബോൾ ചരിത്രത്തിൽ സമ്പൂർണ്ണനായ ഏക താരം ലയണൽ മെസ്സി മാത്രമാണെന്നും മറ്റാർക്കും തന്നെ സമ്പൂർണ്ണനാവാൻ കഴിഞ്ഞിട്ടില്ല എന്നുമാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.സ്കൈ സ്പോർട്സ് മുഖാന്തരമാണ് എമിലിയാനോ ഇക്കാര്യം പറഞ്ഞത്.

‘ഇതുവരെയുള്ള എന്റെ കരിയറിന്റെ കാര്യത്തിൽ ഞാൻ നന്ദിയുള്ളവനാണ്. രാജ്യാന്തരതലത്തിൽ എല്ലാം ഞാൻ ഇപ്പോൾ നേടിക്കഴിഞ്ഞു.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തോടൊപ്പം എനിക്ക് കളിക്കാൻ കഴിഞ്ഞു.ലയണൽ മെസ്സി മാത്രമാണ് ഫുട്ബോളിൽ സമ്പൂർണ്ണനായ ഏക താരം.മറ്റാർക്കും തന്നെ ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ സമ്പൂർണ്ണമാകാൻ കഴിഞ്ഞിട്ടില്ല’ എമി വ്യക്തമാക്കി.

ലയണൽ മെസ്സിയുടെ ഭാവി പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളതാണ് ഏവർക്കും അറിയേണ്ടത്.2026 വേൾഡ് കപ്പിൽ മെസ്സി ഉണ്ടാകുമോ എന്നുള്ളത് സംശയമാണ്.ഈ സീസണിന് ശേഷം അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരുമോ അതോ ക്ലബ്ബ് വിടുമോ എന്നുള്ളതും സംശയകരമായ മറ്റൊരു കാര്യമാണ്.

Rate this post