ജനുവരിയിൽ മെസിയെ ബാഴ്സലോണക്കു നഷ്ടമാകുമെന്നു റിപ്പോർട്ടുകൾ

സമ്മർ ട്രാൻസ്ഫർ ജാലത്തിൽ ക്ലബ് വിടാനാഗ്രഹിച്ച മെസിയെ ടീമിൽ നിലനിർത്താൻ കഴിഞ്ഞുവെങ്കിലും ജനുവരിയിൽ താരം ബാഴ്സലോണ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ബാഴ്സലോണ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ മൂലം ക്ലബ് വിടണമെന്ന് മെസി ആഗ്രഹിച്ചെങ്കിലും അതു കോടതിയിലേക്കു വരെ നീളുമെന്ന അവസ്ഥ വന്നതു കൊണ്ട് താരം അതിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ജനുവരിയിൽ അതിനുള്ള സാധ്യത ഉയരുന്നുണ്ടെന്നാണ് ദി മിറർ റിപ്പോർട്ടു ചെയ്യുന്നത്.

ബാഴ്സ വിടാനാഗ്രഹിച്ച മെസിയെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപിച്ചിരുന്നത് മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു. എന്നാൽ താരത്തിന്റെ കരാറിൽ 700 മില്യൺ യൂറോയുടെ റിലീസിങ്ങ് ക്ലോസുള്ളതു കൊണ്ടാണ് സിറ്റിയുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയാതിരുന്നത്. റിലീസ് ക്ലോസ് നൽകിയാൽ മാത്രമേ മെസിയെ നൽകൂവെന്ന് ബാഴ്സ നേതൃത്വം ഉറപ്പിച്ചു പറയുകയും ചെയ്തു.

അതേ സമയം ജനുവരിയിൽ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്. ഈ സീസണു ശേഷം ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിട്ടു കൊടുക്കുന്നതിനേക്കാൾ നല്ലത് ജനുവരിയിൽ കിട്ടുന്ന തുകക്ക് നൽകുകയാണെന്നു ബാഴ്സ ചിന്തിക്കാനിടയുള്ളതു കൊണ്ട് ഇരുപതു മില്യൺ യൂറോയോളം നൽകി താരത്തെ സ്വന്തമാക്കാനാണ് സിറ്റി ഒരുങ്ങുന്നത്.

ബാഴ്സയിൽ തുടരാൻ തീരുമാനിച്ചെങ്കിലും ഇപ്പോഴും മെസി ടീമിൽ തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂമാനു കീഴിൽ സ്വതന്ത്രമായി കളിക്കാൻ കഴിയാത്ത താരം ഇതു വരെ ഒരു പെനാൽട്ടി ഗോൾ മാത്രമാണ് നാലു ലാലിഗ മത്സരങ്ങളിൽ നിന്നും നേടിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ജനുവരി ട്രാൻസ്ഫർ ജാലകം ബാഴ്സ ആരാധകർക്ക് ആശങ്കയുടേതു കൂടിയായിരിക്കും.