ലീഡ്‌സിനായി മിന്നും പ്രകടനം, യുവമധ്യനിരവിസ്മയത്തെ റാഞ്ചാനൊരുങ്ങി ലിവർപൂളും ടോട്ടനവും

ഈ സീസണിലെ പ്രീമിയർ ലീഗിൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ഒന്നാണ്  അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയെൽസയുടെ കീഴിൽ ലീഡ്സ് യുണൈറ്റഡിന്റെ തിരിച്ചു വരവ്. ഒരുപാട്  പ്രതീക്ഷകളോടെ തിരിച്ചെത്തിയ ലീഡ്സ് ബിയെൽസയുടെ കീഴിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതുവരെയുള്ള  പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിക്കു മുകളിൽ സ്ഥാനം കണ്ടെത്തിയ ലീഡ്സ് ചെൽസിക്കും ടോട്ടനത്തിനും താഴെ എട്ടാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.

  എന്നാലിപ്പോൾ ലീഡ്സിന്റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച് മധ്യനിരയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന യുവതാരമായ കാൽവിൻ ഫിലിപ്സിനായി  രംഗത്തെത്തിയിരിക്കുകയാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളും ടോട്ടനം ഹോട്സ്പറും. 24 കാരൻ താരത്തിന്റെ ആക്രമണ സ്വഭാവമുള്ള ശൈലിയാണ് ജർഗൻ ക്ളോപ്പിന്റെയും ജോസെ മൗറിഞ്ഞോയുടെയും നോട്ടം താരത്തിലെത്തിച്ചിരിക്കുന്നത്.

നിലവിൽ 30000 യൂറോ ലീഡ്‌സിൽ ആഴ്ചയിൽ വേതനം പറ്റുന്ന കാൽവിൻ ഫിലിപ്സിനു ഇരട്ടി വേതനമാണ് ഇരു ക്ലബ്ബുകളും മുന്നോട്ടു വെക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം 50 മില്യൺ യൂറോക്ക് മുകളിൽ മുടക്കാൻ ടോട്ടെനവും ലിവർപൂളും തയ്യാറാണെന്നാണ് അറിയാനാവുന്നത്. ലീഡ്‌സിൽ തന്നെ ജനിച്ച താരം കഴിഞ്ഞ വർഷമാണ് 5 വർഷത്തേക്ക് ലീഡ്‌സുമായി കരാറിലെത്തിയ താരം 2024 വരെ ലീഡ്‌സിന് വേണ്ടി കളിക്കാനാവും. ടോട്ടനത്തിന്റെ മൂസ സിസ്സൊകൊയുടെ പ്രകടനത്തിൽ മൗറിഞ്ഞോ തൃപ്തനാവാതെ വന്നതാണ് മധ്യനിരയിലേക്ക് പുതിയ താരത്തെ പരിഗണിക്കാൻ ശ്രമമരംഭിച്ചത്.

ലിവർപൂളിന്റെ ഗിനി വൈനാൽഡത്തിനായി ബാഴ്‌സലോണ താത്പര്യം പ്രകടിപ്പിച്ചതോടെ ഇതു വരെ കരാർ പുതുക്കാതിരുന്ന താരം ക്ലബ്ബ് വിട്ടേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ആ സ്ഥാനത്തേക്കാണ് ക്ളോപ്പ്‌ ആക്രമണസ്വഭാവമുള്ള മധ്യനിരതാരം കാൽവിൻ ഫിലിപ്സിനെ പരിഗണിക്കുന്നത്. വമ്പന്മാരുടെ കണ്ണുടക്കിയിട്ടുണ്ടെങ്കിലും ലീഡ്‌സിന്റെ പ്രധാനതാരത്തെ നിലനിർത്താനാണ് ബിയേൽസയുടെയും നീക്കം.

Rate this post