മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തിനു മുട്ടിടിക്കും, രണ്ടു വർഷം മുൻപത്തെ പ്രതികാരം നിറവേറ്റാൻ നെയ്മർ ഇറങ്ങും

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മർ ഇറങ്ങുന്ന കാര്യം ഉറപ്പിച്ച് പിഎസ്ജി പരിശീലകൻ തോമസ് ടുഷൽ. ഈയാഴ്ച ഫ്രഞ്ച് ലീഗിൽ നിംസിനെതിരെ നടന്ന മത്സരത്തിൽ താരത്തെ പരിശീലകൻ പുറത്തിരുത്തിയിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകി സംസാരിക്കുമ്പോഴാണ് ടുഷൽ ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രസീലിനൊപ്പമുള്ള മത്സരങ്ങൾ കളിച്ച് തിരിച്ചെത്തിയ നെയ്മർക്ക് വിശ്രമം ആവശ്യമുള്ളതു കൊണ്ടാണ് നിംസിനെതിരെ പുറത്തിരുത്തിയതെന്നും താരത്തോട് ഇതേക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു എന്നും ടുഷൽ വ്യക്തമാക്കി. നെയ്മറുടെ അഭാവത്തിൽ നിംസിനെതിരെ രണ്ടു ഗോൾ നേടി വിജയം സ്വന്തമാക്കാൻ സഹായിച്ച എംബാപ്പയെ ടുഷൽ പ്രശംസിക്കുകയും ചെയ്തു.

നെയ്മറെ പോലെ എംബാപ്പയും ഫ്രാൻസിനു വേണ്ടി രണ്ടു മത്സരങ്ങളിൽ കളിച്ചുവെങ്കിലും താരത്തോട് സംസാരിച്ചതിനു ശേഷമാണ് ടീമിലിറക്കിയതെന്ന് ടുഷൽ വെളിപ്പെടുത്തി. മത്സരത്തിനിറങ്ങണമെന്ന് താരം താൽപര്യം പ്രകടിപ്പിച്ചുവെന്നും കളിയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ എംബാപ്പക്കു കഴിയുമെന്നും ടുഷൽ വ്യക്തമാക്കി.

രണ്ടു സീസൺ മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പ്രീ ക്വാർട്ടറിൽ തോറ്റാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്. അന്നു മത്സരം സസ്പെൻഷൻ മൂലം നഷ്ടമായ നെയ്മർ ഇത്തവണ കൂടുതൽ കരുത്തോടെയാണ് തിരിച്ചെത്തുന്നത്. പൊതുവേ പ്രതിരോധത്തിൽ പ്രശ്നങ്ങളുള്ള യുണൈറ്റഡ് സൂപ്പർ താരങ്ങൾ അണിനിരക്കുന്ന പിഎസ്ജിയെ തടുക്കുമോയെന്നതു കണ്ടറിയേണ്ടതാണ്.

Rate this post