“പതിനേഴാം വയസിൽ ഇങ്ങനെ ഡൈവ് ചെയ്യണോ” – അൻസു ഫാറ്റിയോട് ഗെറ്റാഫയുടെ വിവാദതാരം

ഗെറ്റാഫയും ബാഴ്സലോണയും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ടു പേരാണ്. മത്സരം നിയന്ത്രിച്ച റഫറിയും ഗെറ്റാഫെ പ്രതിരോധ താരം അലൻ നിയോമും. മത്സരത്തിൽ കടുത്ത മുറകൾ പുറത്തെടുത്ത കാമറൂൺ താരത്തിന് ചുവപ്പുകാർഡ് നൽകാത്തതിനെ തുടർന്ന് റഫറിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ മെസിയെയും രണ്ടാം പകുതിയിൽ ഫാറ്റിയെയും താരം മുഖത്തടിച്ചു നിലത്തു വീഴ്ത്തിയതടക്കം റഫറി കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ മുന്നേറുകയായിരുന്ന മെസിയെ ബോക്സിനു വെളിയിൽ നിന്നാണ് താരം മുഖത്തിടിച്ചു വീഴ്ത്തിയത്. റഫറി കൃത്യമായ പൊസിഷനിലയിരുന്നിട്ടും മഞ്ഞക്കാർഡ് പോലും പുറത്തെടുക്കാതെ ഫ്രീ കിക്ക് മാത്രമാണു നൽകിയത്. അതിനു ശേഷം രണ്ടാം പകുതിയിൽ അൻസു ഫാറ്റിയെ ബോക്സിനുള്ളിൽ വച്ചും താരം മുഖത്തിടിക്കുകയുണ്ടായി. എന്നാൽ അതും ഫൗൾ നൽകാൻ റഫറി തയ്യാറായില്ല.

ഫൗളേറ്റു വീണു കിടക്കുന്ന അൻസു ഫാറ്റിയോട് മുപ്പത്തിരണ്ടുകാരനായ നിയോം പ്രകോപനപരമായി പെരുമാറുകയും ചെയ്തു. പതിനേഴാം വയസിൽ ഇങ്ങനെ ഡൈവ് ചെയ്യണോയെന്നാണ് താരം ചോദിച്ചത്. കൂടുതൽ പ്രകോപിപ്പിക്കാൻ ശ്രമിച്ച താരത്തെ റഫറി ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു.

മത്സരത്തിനു ശേഷം കാമറൂൺ താരം വളരെ മോശം വാക്കുകൾ തനിക്കു നേരെ ഉപയോഗിച്ചുവെന്ന് ബാഴ്സലോണ പരിശീലകൻ കൂമാനും പറഞ്ഞിരുന്നു. എന്തായാലും മത്സരത്തിലെ റഫറിയിങ്ങിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബാഴ്സ മുൻ പ്രസിഡന്റ് ലപോർടെ ഇതിനെതിരെ തുറന്നടിക്കുകയും ചെയ്തിരുന്നു.

Rate this post