ഗെറ്റാഫെ താരം നിയോം തന്നെ അവഹേളിച്ചുവെന്ന് കൂമാൻ, തോൽ‌വിയിൽ വീഡിയോ റഫറിയിങ്ങിനെയും കുറ്റപ്പെടുത്തി ബാർസ പരിശീലകൻ

ഗെറ്റാഫെക്കെതിരെ നടന്ന ലാലിഗ മത്സരത്തിൽ കൂമാന്റെ ബാഴ്സക്ക് സീസണിലെ ആദ്യതോൽവി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഗെറ്റാഫെയുടെ തട്ടകത്തിൽ വച്ച് ബാഴ്സക്ക് തോൽവി രുചിക്കേണ്ടി വന്നത്. 56-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി യുവാൻമെ മാറ്റ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

എന്നാൽ മത്സരശേഷം ഉണ്ടായ ഒരു സംഭവത്തിൽ വളരെയധികം അസ്വസ്ഥനായാണ് ബാഴ്സ പരിശീലകൻ കൂമാൻ കാണപ്പെട്ടത്. അത് മത്സരശേഷം അദ്ദേഹം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഗെറ്റാഫെ താരം അലൻ നിയോം തന്നോട് അപമാര്യാദയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തുവെന്നാണ് കൂമാൻ വെളിപ്പെടുത്തിയത്. മത്സരത്തിൽ റെഡ് കാർഡ് കിട്ടാവുന്ന ഫൗളുകൾ ചെയ്തിട്ടും റഫറിയും വീഡിയോ റഫറികളും ബാഴ്സക്കെതിരായി വർത്തിച്ചുവെന്നും കൂമാൻ ചൂണ്ടിക്കാണിച്ചു.

മെസിയുടെ മുഖത്തു കൊണ്ട നിയോമിന്റെ എൽബോ ഫൗളിന് റഫറി മഞ്ഞകാർടുപോലും നൽകാതിരുന്നതും വിവാദമായിരുന്നു. “ഞാൻ അദ്ദേഹത്തോട് പറഞ്ഞത് നിയോം എന്നോട് അപമാര്യാദയോടെ പെരുമാറിയെന്നാണ്. അവൻ എന്താണ് എന്നോട് പറഞ്ഞതെന്ന് ഞാൻ ആവർത്തിക്കുന്നില്ല. അതാണ് ഞാൻ ബോർഡലോസിനോട്(ഗെറ്റാഫെ പരിശീലകൻ) പറഞ്ഞത്.നിയോം എന്നെ അവഹേളിച്ചു. അതൊരിക്കലും ഞാൻ സമ്മതിച്ചു തരില്ല. ആധുനിക ഫുട്ബോളിൽ അതൊരിക്കലും അംഗീകരിച്ചുകൂടാ. അവൻ പറഞ്ഞതെന്താണെന്നു ഞാൻ ആവർത്തിക്കുന്നില്ല. വളരെ മോശമായ വാക്കുകളായിരുന്നു അത്. “

“ഒഫീഷ്യൽസിനെ പറ്റി സംസാരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. നിങ്ങൾ മത്സരം കാണുകയാണെങ്കിൽ ഫൗളുകൾക്കും കാർഡുകൾക്കും എളുപ്പം അഭിപ്രായം പ്രകടിപ്പിക്കാം. എന്നാൽ റഫറികൾക്ക് അത് എളുപ്പമുള്ള ജോലിയല്ല. അവിടെ ഒരു റഫറി, രണ്ടു അസിസ്റ്റന്റ്സ്, ഒരു ഫോർത് ഓഫീഷ്യൽ പിന്നെ വിഎആറും ഉണ്ടായിരുന്നു. എങ്കിലും എനിക്ക് തോന്നുന്നില്ല മത്സരത്തിൽ വീഡിയോ റഫറിയിങ് ഉണ്ടായിരുന്നുവെന്നു. എന്തൊക്കെയായാലും നമ്മൾ നമ്മളെ തന്നെ നോക്കിക്കാണേണ്ടതുണ്ട്.” മത്സരശേഷം കൂമാൻ പറഞ്ഞു.

Rate this post