വരാനിരിക്കുന്നത് എൽ ക്ലാസികോ അടക്കം വമ്പൻ പോരാട്ടങ്ങൾ, റാമോസടക്കം പരിക്കിന്റെ പിടിയിലുള്ളത് ആറു താരങ്ങൾ

ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസികോ അടക്കം വമ്പൻ പോരാട്ടങ്ങൾ ഒരാഴ്ചക്കുള്ളിൽ നടക്കാനിരിക്കെ വമ്പൻ താരങ്ങളുടെ പരിക്ക് റയൽ മാഡ്രിഡിനു കടുത്ത ഭീഷണിയാകുന്നു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന എൽ ക്ലാസികോക്കു പുറമേ ചാമ്പ്യൻസ് ലീഗിൽ ഷക്തറുമായുള്ള ആദ്യ ലീഗ് മത്സരവും റയൽ കളിക്കാനിരിക്കെയാണ് നായകൻ റാമോസടക്കം നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായത്.

ഇന്നലെ കാഡിസിനെതിരെ റയൽ മാഡ്രിഡ് പരാജയമേറ്റു വാങ്ങിയ മത്സരത്തിലാണ് റയൽ നായകനു പരിക്കേറ്റത്. ഇതേത്തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ തരം കളത്തിലിറങ്ങിയിരുന്നില്ല. ബ്രസീലിയൻ താരം എഡർ മിലിറ്റാവോയാണ് താരത്തിനു പകരം കളത്തിലിറങ്ങിയത്. മത്സരത്തിലെ തോൽവിയേക്കാൾ സിദാന്റെ ആശങ്ക റാമോസിന്റെ പരിക്കിനെ കുറിച്ചായിരിക്കും എന്നതു തീർച്ചയാണ്.

റാമോസിന്റെ പരിക്കു സാരമുള്ളതല്ലെന്നും മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് താരത്തെ പുറത്തിരുത്തിയതെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ. എന്നാൽ പരിശോധനാ ഫലം വരാതെ ഇക്കാര്യം പൂർണമായും ഉറപ്പിക്കാൻ കഴിയില്ല. റാമോസിനു പുറമേ ഹസാർഡ്, ഒഡെഗാർഡ്, മരിയാനോ, കർവാഹാൾ, ഒഡ്രിയാസോള എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ളത്.

സീസണിലിതു വരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴിയാത്ത റയലിനെ സംബന്ധിച്ച് താരങ്ങളുടെ പരിക്ക് കനത്ത തിരിച്ചടിയാണ്. ഈ സീസണിൽ ബാഴ്സക്കു മേൽ ആധിപത്യം സ്ഥാപിക്കാനും ലീഗ് കിരീടം നിലനിർത്താനും എൽ ക്ലാസികോ മത്സരത്തിലെ വിജയം റയലിന് നിർബന്ധമാണ്.

Rate this post