മെസ്സിയും നെയ്മറും എംബപ്പേയുമാണ് ഞങ്ങളുടെ മികച്ച പ്രകടനത്തിന് സഹായിച്ചത്: തുറന്ന് പറഞ്ഞ് എതിർ ടീമിന്റെ ഡിഫന്റർ
വേൾഡ് കപ്പിന് ശേഷം പലപ്പോഴും താളം കണ്ടെത്താൻ വിഷമിക്കുന്ന പിഎസ്ജിയെയാണ് ലോക ഫുട്ബോളിന് കാണാൻ കഴിയുന്നത്. ഫ്രഞ്ച് ലീഗിൽ ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ നടന്ന രണ്ട് മത്സരങ്ങളിൽ പിഎസ്ജി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങുകയും ചെയ്തിരുന്നു.
റെയിംസിനെതിരെയുള്ള മത്സരം 1-1 എന്ന സ്കോറിനായിരുന്നു അവസാനിച്ചിരുന്നത്. മത്സരത്തിന്റെ സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ തന്നെ നെയ്മർ പിഎസ്ജിയെ മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ മത്സരം അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പ് ബലോഗൻ നേടിയ ഗോൾ പിഎസ്ജിക്ക് വിജയം നിഷേധിക്കുകയായിരുന്നു. മത്സരത്തിൽ വളരെ മികച്ച രൂപത്തിൽ കളിക്കാനും എതിരാളികളായ റെയിംസിന് സാധിച്ചിരുന്നു.
ഈ മത്സരത്തെക്കുറിച്ച് റെയിംസ് ഡിഫന്ററായ യുനിസ് അബ്ദൽ ഹമിദ് തന്റെ ചില കാഴ്ചപ്പാടുകൾ പങ്കുവെച്ചിരുന്നു. അതായത് മെസ്സിയും നെയ്മറും എംബപ്പേയുമാണ് തങ്ങളുടെ നല്ല പ്രകടനത്തിന് കാരണക്കാരായത് എന്നാണ് ഇദ്ദേഹം മിക്സഡ് സോണിനോട് പറഞ്ഞിട്ടുള്ളത്. ഈ മൂന്ന് താരങ്ങളും പ്രതിരോധിക്കില്ല എന്നുള്ളത് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
‘ പന്ത് ഞങ്ങളുടെ പക്കലിൽ ഉള്ളപ്പോൾ ഞങ്ങൾക്ക് കളിക്കാൻ വളരെ സുഖകരമായിരുന്നു. എന്തെന്നാൽ മെസ്സിയും നെയ്മറും എംബപ്പേയും പ്രതിരോധത്തെ സഹായിച്ചിരുന്നില്ല. ഫസ്റ്റ് ലൈൻ മറികടന്നാൽ ഈ മൂന്ന് താരങ്ങളും പിന്നീട് പ്രതിരോധത്തിലേക്ക് വരില്ല എന്നുള്ളത് ഞങ്ങൾക്ക് തന്നെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചത്. കളക്ടീവ് ഡിഫൻഡിങ് ഈ മൂന്ന് താരങ്ങളും ചെയ്യാത്തത് ഞങ്ങൾക്ക് ഗുണകരമായി.അതുകൊണ്ടാണ് ഞങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കാനും സാധിച്ചത് ‘ റെയിംസ് ഡിഫന്റർ പറഞ്ഞു.
Reims’ Yunis Abdelhamid: “PSG’s front three don’t defend.” #PSG #ParisSaintGermain #MerciParis #TeamPSG https://t.co/q7wU9I4FHc
— PSG Fans (@PSGNewsOnly) January 30, 2023
പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന സമയത്ത് ഡിഫൻസിനെ സഹായിക്കാത്തതിനാൽ ഈ മൂന്നു താരങ്ങൾക്കും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റുകൾ തന്നെയാണ് ഈ മൂന്ന് താരങ്ങളെയും വിമർശനങ്ങൾക്ക് വിധേയമാക്കാറുള്ളത്. കൂടാതെ പിഎസ്ജിയുടെ ഡിഫൻസും ഇപ്പോൾ വളരെയധികം ദുർബലമാണ്.