“മെസ്സിയെയും നെയ്മറെയും മറന്നേക്കൂ , എംബാപ്പെ തന്നെയാണ് പിഎസ്ജിയുടെ പ്രധാന താരം”

യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടറിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) പാർക് ഡെസ് പ്രിൻസസിൽ റയൽ മാഡ്രിഡിനെ പരാജയപെടുത്തിയപ്പോൾ ഏറെ ശ്രദ്ദിക്കപ്പെട്ടത് ഫ്രഞ്ച് സൂപ്പർ താരം എംബപ്പേയുടെ പ്രകടനം തന്നെയായിരുന്നു. 13 തവണ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ആദ്യ കിരീടം തേടിയിറങ്ങിയ പിഎസ്ജി യും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ റയലിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പാരീസ് പുറത്തെടുത്തത്.

ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, കരിം ബെൻസെമ, ലൂക്കാ മോഡ്രിച്ച്, എയ്ഞ്ചൽ ഡി മരിയ, നെയ്മർ, ടോണി ക്രൂസ് എന്നിവരെല്ലാം കളത്തിലിറങ്ങിയ മത്സരത്തിൽ അവസാന നിമിഷം എംബാപ്പെയുടെ ഗോളാണ് ഇരുടീമുകളെയും വേർതിരിച്ചത്.ഇഞ്ചുറി ടൈമിൽ നെയ്മറുടെ പാസിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ എംബപ്പേ റയൽ വല ചലിപ്പിക്കുകയായിരുന്നു.

എല്ലായ്‌പോഴും മികച്ച മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന എംബപ്പേ ലോസ് ബ്ലാങ്കോസിനെതിരെ അദ്ദേഹം ഒരിക്കൽ കൂടി തന്റെ ക്ലാസ് പ്രകടമാക്കി. മെസ്സിക്കും ഡി മരിയയ്ക്കുമൊപ്പം ഫ്രണ്ട് ത്രീയിൽ തുടങ്ങിയ ഫ്രഞ്ച് താരം പിഎസ്ജിയുടെ മുന്നേറ്റങ്ങൾക്കെല്ലാം നേതൃത്വം നൽകി.ഇടതു വിങ്ങിൽ ഡാനി കാർവാജലിനെ നിരന്തരം പരീക്ഷിച്ച താരം റയൽ പ്രതിരോധത്തെ മുൾമുനയിൽ നിർത്തുകയും ചെയ്തു. മത്സരത്തിന്റെ 90 മിനിറ്റുകളിലുടനീളം തന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമായിരുന്നു എംബാപ്പയുടെ ഗോൾ. കൂടാതെ 23-കാരൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ എത്രമാത്രം ഭയമില്ലാത്തവനാണെന്ന് ഇന്നലത്തെ മത്സരം കാണിച്ചു തന്നു.

ഡേവിഡ് ബെക്കാം, എഡിൻസൺ കവാനി, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവരെല്ലാം പിഎസ്ജിയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, എന്നാൽ ആരും എംബാപ്പെയുടെ അടുത്ത എത്തിയിട്ടില്ല.മോണോക്കയിൽ നിന്നും സൂപ്പർ താരമായാണ് എംബപ്പേ പിഎസ്ജി യിൽ എത്തിയത്. ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെയും എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന് വിശേഷിപ്പിക്കാവുന്ന ലയണൽ മെസ്സിയുടെ സാന്നിധ്യം എംബാപ്പെയെ ഒട്ടും കുലുക്കിയിട്ടില്ല.

“എംബാപ്പെയെ ഫലത്തിൽ തടയാനാവില്ല, ഞങ്ങൾ അവനെ നിയന്ത്രിക്കാൻ ശ്രമിച്ചു. മിലിറ്റാവോ വളരെ നന്നായി ചെയ്തു, പക്ഷേ അവന് എപ്പോഴും പുതിയ എന്തെങ്കിലും കൊണ്ടുവരാൻ കഴിയും, കളിയുടെ അവസാന മിനിറ്റിൽ അവൻ അത് ചെയ്തു,” റയൽ മാഡ്രിഡ് ബോസ് കാർലോ ആൻസലോട്ടി എംബാപ്പയുടെ പ്രകടനത്തെകുറിച്ച പറഞ്ഞു.റയൽ മാഡ്രിഡിനെതിരായ എംബാപ്പെയുടെ പ്രകടനം പാർക് ഡെസ് പ്രിൻസസ് തന്റെ രാജ്യമാണെന്നും താൻ അവിടെ തുടരുന്നിടത്തോളം കാലം അദ്ദേഹം ഭരിക്കും എന്നതിന്റെ തെളിവായിരുന്നു.

Rate this post