നെയ്മറിന് മെസ്സിയുടെ മറുപടി; ❝ ഫൈനലിൽ എല്ലാവരും ജയിക്കാനാണ് ഇറങ്ങുന്നത് ❞

ലോക ഫുട്‌ബോളില്‍ തന്നെ ഉറ്റു സുഹൃത്തുക്കളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും.ഇരുവരും ബാഴ്‌സലോണയില്‍ ഒരു മിച്ച് കളിച്ചിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയതാണ് ഈ സുഹൃത്ത് ബന്ധം. ഇപ്പോഴും അവര്‍ ആ ബന്ധം സൂക്ഷിച്ചുവരുന്നു. എന്നാല്‍ കോപ്പാ അമേരിക്ക സെമി ഫൈനലിന് മുന്നോടിയായി പിഎസ്ജിയുടെ സൂപ്പര്‍ താരം കൂടിയായ നെയ്മര്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഫൈനലില്‍ എതിരാളികളായി അര്‍ജന്റീനയെ കിട്ടണം എന്നായിരുന്നു . അര്‍ജന്റീനാ ടീമില്‍ തനിക്ക് കൂടുതല്‍ സുഹൃത്തുക്കളുണ്ടെന്നും സെമിയില്‍ പിന്തുണ അര്‍ജന്റീനയ്ക്കാണെന്നും നെയ്മര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഉറ്റ സുഹൃത്തിന് ഇന്ന് മറുപടിയുമായി മെസ്സി രംഗത്ത് വന്നിരിക്കുകയാണ്. എല്ലാവരും ജയിക്കാനാണ് ഇറങ്ങുന്നതെന്നാണ് നെയ്മറിന് നല്‍കിയ മറുപടി. ജയം ഞങ്ങള്‍ക്ക് തന്നെയാണെന്ന് നെയ്മര്‍ പറഞ്ഞതിന് ലിയോയുടെ മറുപടി ഒരു ചിരി മാത്രമാണ്. ഇന്നത്തെ ജയത്തിന് ശേഷം നെയ്മര്‍ ഉറ്റമിത്രത്തെ ഫോണില്‍ ബന്ധപ്പെട്ട് ആശംസയും അറിയിച്ചിരുന്നു.കഴിഞ്ഞ കോപ അമേരിക്കയിൽ തങ്ങൾ പ്രയാസമുള്ള ഗ്രൂപ്പിൽ ആയിരുന്നു എന്നിട്ടും പോസിറ്റീവ് ആയി കളിക്കാൻ ആയി. ഇത്തവണ ഫൈനലിലും എത്തി. എന്നത്തേതിനേക്കാളും ആവേശത്തോടെയാണ് ഈ ഫൈനലിനെ നോക്കി കാണുന്നത് എന്ന് മെസ്സി മത്സര ശേഷം പറഞ്ഞു.താൻ തന്റെ രാജ്യത്തിനായി എല്ലായ്പ്പോഴും തന്റെ എല്ലാം നൽകിയിട്ടുണ്ട് എന്നും മെസ്സി പറഞ്ഞു. താൻ ഫോമിലാണോ അല്ലയോ എന്നതല്ല കാര്യം, എന്നും താൻ തന്റെ പരമാവധി രാജ്യത്തിന് നൽകാറുണ്ട് മെസ്സി പറഞ്ഞു.

അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയും നെയ്മറും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ലാ ലിഗയിൽ ബാഴ്സലോണ ജഴ്സിയിൽ ഇരുവരും ഒന്നിച്ചു കളിച്ചിരുന്ന സമയത്താണ് ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായത്. പിന്നീട് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മറിനെ ബാർസയിൽ തിരിച്ചെത്തിക്കാൻ മെസ്സി നടത്തിയ ഇടപെടലുകളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അർജന്റീന ടീമിലെ എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേദസ് എന്നിവർ ഫ്രഞ്ച് ലീഗിൽ നെയ്മറിനൊപ്പം പിഎസ്ജിയിലെ താരങ്ങളുമാണ്. ബ്രസീലിനൊപ്പം ആദ്യ കോപ്പ കിരീടമാണ് നെയ്മർ ലക്ഷ്യമിടുന്നത്. 2019 ൽ ബ്രസീൽ കിരീടം നേടിയപ്പോൾ പരിക്ക് മൂലം നെയ്മർക്ക് വിജയിച്ച ടീമിന്റെ ഭാഗമാവാൻ സാധിച്ചില്ല.അതുകൊണ്ടു തന്നെ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും നെയ്മർ ലക്ഷ്യമിടുന്നില്ല.

ഇതിനു മുമ്പ് 2007ൽ ആയിരുന്നു കോപ അമേരിക്ക ഫൈനലിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ വന്നത്. അന്ന് ബ്രസീൽ 3-0ന് വിജയിച്ച് കപ്പ് ഉയർത്തിയിരുന്നു.‌ 2004ലെ കോപ അമേരിക്ക ഫൈനലിലും ബ്രസീൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു.ഇരുവരും കലാശ പോരാട്ടത്തിനിറങ്ങുമ്പോൾ ആധുനിക ഫുട്ബോളിലെ മികച്ച രണ്ടു പത്താം നമ്പർ താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടി ആയിരിക്കും.രണ്ട് കളിക്കാർക്കും ഇതുവരെ മികച്ച ടൂർണമെന്റ് തന്നെയായിരുന്നു കോപ്പ.നെയ്മർ രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയപ്പോൾ മെസ്സിക്ക് നാല് ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടി.