❝ ഇംഗ്ലണ്ടോ, ഡെന്മാർക്കോ ? ,ആരായിരിക്കും ഫൈനലിൽ ഇറ്റലിയുടെ എതിരാളികൾ ❞

യൂറോ കപ്പിൽ ഫൈനലിൽ ഇറ്റലിയുടെ എതിരാളികൾ ആരാണെന്ന് ഇന്നറിയാം. വെബ്ലിയിൽ നടക്കുന്ന രണ്ടാം സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ട് ഡെന്മാർക്കിനെയാണ് നേരിടുന്നത്. ഇംഗ്ലണ്ട് ആദ്യ ഫൈനലും ആദ്യ കിരീടവും ലക്ഷ്യമിടുമ്പോൾ 1992 നു ശേഷമുള്ള രണ്ടാം കിരീടമാണ് ഡെൻമാക്ക് ലക്‌ഷ്യം വെക്കുന്നത്. സ്വന്തം രാജ്യത്താണ് കളി നടക്കുന്നത് എന്നതു കൊണ്ട് തന്നെ ഇംഗ്ലണ്ടിന് അത് മുൻതൂക്കം നൽകുന്നുണ്ട്.ടൂർണമെന്റ് ഫേവറിറ്റുകൾ എന്ന വിശേഷണം ശരിവച്ചാണ് ഇരുവരെ ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം. അതേസമയം സർപ്രൈസ് പാക്കേജുമായാണ് ഡെൻമാർക്ക് അമ്പരപ്പിക്കുന്നത്.

സെമിയിൽ ഉക്രെയ്‌നെ നാല് ഗോളിന് തക‍ർത്ത ഇംഗ്ലണ്ട് ഇതുവരെ ഒറ്റ ഗോൾ വഴങ്ങിയിട്ടില്ല. നായകൻ ഹാരി കെയ്‌നെ മുന്നിൽ നിർത്തിയുള്ള 4-2-3-1 ഫോർമേഷനിൽ തന്നെയാവും കോച്ച് ഗാരെത് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തുക.ലൂക് ഷോ, മഗ്വയർ, സ്റ്റോൺസ്, വാൽക്കർ എന്നിവരെ ഡിഫൻസിൽ അണിനിരത്തി തന്നെയാകും ഇംഗ്ലണ്ട് ഇറങ്ങുക. പരിക്ക് മാറി ബുകയോ സാക എത്തിയിട്ടുണ്ട് എങ്കിലും സാഞ്ചോയെ സൗത്ഗേറ്റ് നിലനിർത്താൻ ആണ് സാധ്യത. 1966ന് ശേഷം ഒരു മേജർ ടൂർണമെന്റിൽ ഫൈനലിൽ എത്താത്ത ഇംഗ്ലണ്ട് ഫൈനൽ തന്നെ ആകും ലക്ഷ്യം വെക്കുന്നത്.ചെക്ക് റിപബ്ലിക്കിനെ തോൽപ്പിച്ചാണ് ഡെന്മാർക്ക് സെമിയിലേക്ക് എത്തിയത്. ടൂർണമെന്റ് വലിയ പ്രയാസങ്ങളോടെ തുടങ്ങിയ ഡെന്മാർക്ക് ഇപ്പോൾ ഗംഭീര ഫോമിലാണ്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ അടിക്കാൻ ഡെന്മാർക്കിനായിട്ടുണ്ട്.

എറിക്സൺ സംഭവത്തിനു ശേഷം ഏതു നിഷ്പക്ഷ ഫുട്ബോൾ പ്രേമിയുടെയും യൂറോ കപ്പിലെ ടീമായി ഡെന്മാർക്ക് മാറി. ഇന്നും ആരാധകരുടെ വലിയ പിന്തുണ ഡെന്മാർക്കിന് ലഭിച്ചേക്കും.1992നു ശേഷം ആദ്യമായാണ് ഡെന്മാർക്ക് യൂറോ കപ്പ് സെമിയിൽ എത്തുന്നത്.ഇംഗ്ലണ്ടും ഡെൻമാർക്കും നേർക്കുനേർ വരുന്ന ഇരുപത്തിരണ്ടാം മത്സരമാണിത്. ഇംഗ്ലണ്ട് 12 കളിയിലും ഡെൻമാർക്ക് നാല് കളിയിലും ജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡെൻമാർക്ക് ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു. പ്രധാന ടൂർണമെന്റുകളിൽ രണ്ടു തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്.യൂറോ 1992 ൽ 0-0 സമനിലയിൽ പിരിഞ്ഞപ്പോൾ 2002 ലോകകപ്പിൽ 3-0 ന് ഇംഗ്ലണ്ട് വിജയിച്ചു.

ഇംഗ്ലണ്ട് സാധ്യത ഇലവൻ (4-2-3-1): ജോർദാൻ പിക്ക്ഫോർഡ്, കെയ്‌ൽ വാക്കർ, ജോൺ സ്റ്റോൺസ്, ഹാരി മാഗ്വെയർ, ലൂക്ക് ഷാ, ഡെക്ലാൻ റൈസ്, കാൽവിൻ ഫിലിപ്സ്, മേസൺ മൗണ്ട്, ജാദോൺ സാഞ്ചോ, ഹാരി കെയ്ൻ, റഹീം സ്റ്റെർലിംഗ്.
ഡെൻമാർക്ക് സാധ്യത ഇലവൻ (3-4-2-1): കാസ്പർ ഷ്മൈച്ചൽ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, സൈമൺ കെജർ, ജാനിക് വെസ്റ്റർഗാർഡ്, ജെൻസ് സ്‌ട്രൈഗർ ലാർസൻ, തോമസ് ഡെലാനി, പിയറി-എമിലി ഹോജ്ബെർഗ്, ജോവാകിം മാഹ്‌ലെ, മാർട്ടിൻ ബ്രൈത്‌വൈറ്റ്, മിക്കൽ ഡാംസ്‌ബർഗ്.

Rate this post