എമിലിയാനോ മാർട്ടിനെസ്: ❝ അർജന്റീന ഗോൾ വല കാത്ത സൂപ്പർ ഹീറോ ❞

കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചു കൊണ്ട് അർജന്റീന ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. പെനാൽറ്റി ഷോട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ പ്രകടനമാണ് അർജന്റീനക്ക് വിജയമൊരുക്കിയത് . മൂന്നു പെനാൽറ്റികളാണ് ആസ്റ്റൺ വില്ല താരം തടുത്തിട്ടത്. അർജന്റീനയുടെ ഇന്നത്തെ വിജയത്തിൽ നിശബ്ദ നായകൻ ആയി മാറിയിരിക്കുകയാണ് 28 കാരൻ. മത്സരത്തിൽ അസാധാരണമായ മൂന്ന് സേവുകൾ നടത്തിയതോടെ അർജന്റീനയുടെ സൂപ്പർഹീറോ ആയിരിക്കുകയാണ്.

സൂപ്പർ താരം ലയണൽ മെസ്സി ഇന്നത്തെ മത്സരത്തിന് ശേഷം മാർട്ടിനെസിനെ പ്രതിഭാസം എന്നാണ് വിശേഷിപ്പിച്ചത്. എക്കാലത്തും അർജന്റീനയുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു മികച്ച ഗോൾ കീപ്പർമാർമാരുടെ അഭാവം. അതിനുള്ള ഏറ്റവും മികച്ച ഉത്തരം തന്നെയാണ് മാർട്ടിനെസ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് മാർട്ടിനെസ് പുറത്തെടുത്തത്.15 ക്ലീൻ ഷീറ്റുകളാണ് താരം വില്ലക്കൊപ്പം നേടിയത്.

കൊളംബിയൻ താരങ്ങളായ സാഞ്ചസ്, മിന, എഡ്വിൻ കാർഡോണ എന്നി താരങ്ങളുടെ കിക്കുകളാണ് മാർട്ടിനെസ് തടുത്തിടത്ത്. തന്റെ ഇടതു വശത്തേക്ക് ഡൈവ് ചെയ്താണ് മാർട്ടിനെസ് മൂന്നു കിക്കും തടുത്തിട്ടത്.കഴിഞ്ഞ സീസണിലെ ആസ്റ്റൺ വില്ലയിലെ സ്റ്റാൻഡ് ഔട്ട് പെർഫോമൻസിനെ തുടർന്നാണ് കഴിഞ്ഞ മാസം തന്റെ ആദ്യ അന്താരാഷ്ട്ര ക്യാപ് നേടിയത്. കോപ്പ അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച ഗോൾ കീപ്പറായി മാറിയിരിക്കുകയാണ് മാർട്ടിനെസ്. മൂന്ന് ക്ലീൻ ഷീറ്റുകൾ നേടിയ താരം നേരിട്ട ആറ് പെനാൽറ്റികളിൽ നിന്ന് നാല് സേവുകൾ നടത്തി.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഗോൾകീപ്പർമാരിൽ ഒരാളാണ് മാർട്ടിനെസ് .പ്രീമിയർ ലീഗിൽ ക്ലീൻ ഷീറ്റുകളുടെ ഏനാന്തിൽ മൂന്നാമനും സേവുകളുടെ ഈണത്തിൽ ഒന്നാമനുമായാണ് താരം കോപ്പക്ക് എത്തിയത്.10 വർഷത്തോളം ആഴ്സണൽ ടീമിന്റെ ഭാഗമായിട്ടും തന്റെ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോയത് കഴിഞ്ഞ വർഷമാണ്. മികച്ച നേതൃപാടവം കൊണ്ടും അതിലുപരി ബോക്സിനകത്തെ മികച്ച പ്രകടനം കാരണവും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെയും മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിലേക്ക് ഉയർന്നുവരാൻ മാർട്ടിനെസിന് സാധിച്ചു. ആഴ്സനലിലെ പത്തു വർഷത്തെ കാലയളവിൽ ആറു ക്ലബുകളിലായി ലോൺ സ്പെൽ പൂർത്തിയാക്കി. എന്നാൽ കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിലേക്കുള്ള ട്രാൻസ്ഫർ താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചു.

Rate this post