ലോകഫുട്ബോളിന്റെ അമരത്തു തന്നെയുണ്ടെന്നു തെളിയിക്കാനുള്ള അവസരം, മെസിക്കും റൊണാൾഡോക്കും നിർദ്ദേശവുമായി റിവാൾഡോ

ബാഴ്സലോണയും യുവന്റസും ചാമ്പ്യൻസ് ലീഗിൽ ഒരേ ഗ്രൂപ്പിൽ പോരാടുന്നതിന്റെ ആവേശം പങ്കു വെച്ച് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. ലോക ഫുട്ബോളിലെ വമ്പൻ ക്ലബുകൾ ഏറ്റുമുട്ടുന്ന പോരാട്ടമെന്നതിലുപരി മെസിക്കും റൊണാൾഡോക്കും തങ്ങളുടെ പ്രതിഭക്ക് ഒരു മങ്ങലും സംഭവിച്ചിട്ടില്ലെന്നു തെളിയിക്കാൻ കൂടിയുള്ള അവസരമാണ് ഇതെന്നാണ് റിവാൾഡോ പറയുന്നത്.

“ബാഴ്സയും യുവന്റസും ഒരു ഗ്രൂപ്പിലായതു കൊണ്ട് മെസിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം കാണാൻ കഴിയുമെന്നത് മഹത്തായ കാര്യമാണ്. ലോകത്തുള്ള എല്ലാവരും ഇതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. യുവന്റസും ബാഴ്സയും തന്നെയാണ് ഗ്രൂപ്പിൽ നിന്നും മുന്നേറാൻ സാധ്യതയുള്ള രണ്ടു ടീമുകൾ.”

”റൊണാൾഡോ സ്പെയിൻ വിട്ടതിനു ശേഷം മെസിയുടെ ഫോമിൽ ഇടിവു വന്നിട്ടുണ്ടെന്നു പലരും കരുതുന്നുണ്ട്. അതു കൊണ്ട് രണ്ടു താരങ്ങൾക്കും തങ്ങളുടെ മികവു കാണിക്കാനുള്ള അവസരമാണിത്. രണ്ടു താരങ്ങളെയും മികച്ചവരായി നിലനിർത്തുന്നത് അവർക്കിടയിലെ മത്സരമാണ്. അതു ലഭിക്കുന്ന 180 മിനുട്ടുകൾ ആവേശകരമായിരിക്കും.” റിവാൾഡോ പറഞ്ഞു.

സുവാരസിനു പകരക്കാരനെ ബാഴ്സ കണ്ടെത്തേണ്ടത് അത്യാവശ്യമാണെങ്കിലും സമാനമായ പോരാട്ട വീര്യമുള്ള ഒരു താരത്തെ ലഭിക്കുക പ്രയാസമാണെന്നും സുവാരസ് ബാഴ്സയിൽ കാണിച്ച മികവ് മറ്റു താരങ്ങൾക്ക് സമ്മർദ്ദം കൂട്ടുമെന്ന മുന്നറിയിപ്പും റിവാൾഡോ നൽകി.

Rate this post