മെസിക്കൊപ്പം റൊണാൾഡോക്കെതിരെ കളിക്കാൻ കഴിയുന്നതിന്റെ ആവേശം പങ്കു വെച്ച് ബാഴ്സലോണ താരം ഡെസ്റ്റ്

ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകിയാണ് ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയും യുവന്റസും ഒരു ഗ്രൂപ്പിൽ ഇടം പിടിച്ചത്. ഇതു വഴി വളരെക്കാലത്തിനു ശേഷം മെസിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടത്തിനു കൂടിയാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ആരാധകർക്കൊപ്പം പുതിയതായി ബാഴ്സയിലെത്തിയ താരമായ സെർജിനോ ഡെസ്റ്റും ഇതിന്റെ ആവേശം പങ്കുവെച്ചു.

“മെസിക്കൊപ്പം റൊണാൾഡോക്കെതിരെ കളിക്കുന്നതിൽ വളരെ സ്പെഷ്യൽ ആയ കാര്യമാണ്.” ബീയിൻ സ്പോർട്സിനോട് ഡെസ്റ്റ് പറഞ്ഞു. ഈ മാസം അയാക്സിൽ നിന്നും ടീമിലെത്തിയ താരം പുതിയ ടീമിനൊപ്പവും സഹതാരങ്ങൾക്കൊപ്പവും കളിക്കുന്നതിന്റെ സന്തോഷവും പങ്കു വെക്കുകയുണ്ടായി.

”സെൽറ്റ വിഗോക്കെതിരായ മത്സരത്തിനു ശേഷം മെസിയടക്കം എല്ലാ താരങ്ങളെയും കാണാൻ എനിക്കു കഴിഞ്ഞു. ബാഴ്സയിലെത്തിയത് എന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു തുല്യമായിരുന്നു. ഇനി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ടീമുമായി ഇണങ്ങിച്ചേരാനുമാണ് ഞാൻ ശ്രമിക്കുന്നത്.” ഡെസ്റ്റ് പറഞ്ഞു.

സെവിയ്യക്കെതിരായ മത്സരത്തിൽ അമേരിക്കൻ താരം ക്ലബിനായി അരങ്ങേറ്റം നടത്തിയിരുന്നു. തന്റെ സ്വാഭാവിക പൊസിഷനായ റൈറ്റ് ബാക്കിനു പകരം ലെഫ്റ്റ് ബാക്കായി ഇറങ്ങിയിട്ടും മികച്ച പ്രകടനം പുറത്തെടുത്ത താരം ബാഴ്സയിൽ പെട്ടെന്ന് ഇണങ്ങിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rate this post