മെസ്സിക്ക് പിഎസ്ജിയിൽ കടുത്ത അവഗണന, അഞ്ച് പേരിൽ ഒരാളായി പോലും മെസ്സിയെ പരിഗണിച്ചില്ല.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ മെസ്സി എത്തിയിട്ട് ഇപ്പോൾ രണ്ടാമത്തെ വർഷമാണ്. ആദ്യ സീസണിൽ വലിയ മികവ് ഒന്നും പുലർത്താൻ മെസ്സിക്ക് സാധിച്ചിരുന്നില്ലങ്കിലും ഈ സീസണിൽ മികച്ച രൂപത്തിലാണ് മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്. ഫ്രഞ്ച് ലീഗിൽ 8 ഗോളുകളും 10 അസിസ്റ്റുകളും ഇപ്പോൾതന്നെ മെസ്സി നേടി കഴിഞ്ഞിട്ടുണ്ട്.
ടീമിലെ സീനിയർ താരങ്ങളിൽ ഒരാൾ കൂടിയാണ് ലയണൽ മെസ്സി. പക്ഷേ മെസ്സിക്ക് ഇപ്പോൾ പിഎസ്ജിയിൽ ഒരു കടുത്ത അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. അതായത് പിഎസ്ജി തങ്ങളുടെ ക്യാപ്റ്റൻ സ്ഥാനങ്ങളിൽ അഴിച്ചു പണി നടത്തിയിരുന്നു. ക്യാപ്റ്റന്മാരായിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരിൽ മെസ്സിയെ പിഎസ്ജി ഉൾപ്പെടുത്തിയില്ല എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.ഒലെ എന്ന മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തത്.
പിഎസ്ജിയുടെ ക്യാപ്റ്റനായി കൊണ്ട് ബ്രസീലിയൻ താരമായ മാർക്കിഞ്ഞോസ് തന്നെയാണ് തുടരുക. വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഇപ്പോൾ പ്രിസണൽ കിമ്പമ്പേയെ ക്ലബ്ബ് മാറ്റിയിട്ടുണ്ട്. മറിച്ച് കിലിയൻ എംബപ്പേയാണ് ഇപ്പോൾ പിഎസ്ജിയുടെ വൈസ് ക്യാപ്റ്റൻ. മൂന്നാമത്തെ ക്യാപ്റ്റനായി കൊണ്ട് കിമ്പമ്പേയും നാലാമത്തെ ക്യാപ്റ്റനായി കൊണ്ട് വെരാറ്റിയുമാണ് ഉള്ളത്. അഞ്ചാമത് സെർജിയോ റാമോസ് വരുന്നു.
ലയണൽ മെസ്സിയെ പരിഗണിക്കാമായിരുന്നു എന്നുള്ള അഭിപ്രായം ആരാധകർക്കിടയിൽ ഉയർന്നു വരുന്നുണ്ട്. മെസ്സി ക്ലബ്ബിലേക്ക് വന്നിട്ട് അധികമായിട്ടില്ലെങ്കിലും ബാഴ്സയിലും അർജന്റീനയിലും ക്യാപ്റ്റനായി കൊണ്ട് പരിചയമുള്ള വ്യക്തിയാണ് മെസ്സി. മാത്രമല്ല പിഎസ്ജി എന്ന ക്ലബ്ബിൽ അധികമൊന്നും കളിക്കാത്ത റാമോസിനെ പരിഗണിച്ച സാഹചര്യത്തിൽ മെസ്സിയെ കൂടി പരിഗണിക്കാമായിരുന്നു എന്ന അഭിപ്രായവും ചിലർക്കിടയിലുണ്ട്. മാത്രമല്ല 2017 മുതൽ ക്ലബ്ബിന്റെ പ്രധാനപ്പെട്ട താരമായ നെയ്മർ ജൂനിയറെയും ഇപ്പോൾ പരിഗണിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം കൂടി ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. തന്നെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി എംബപ്പേയെ നിയമിച്ചത് തന്നോട് ക്ലബ്ബ് അറിയിച്ചില്ല എന്നും മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞത് എന്നും കിമ്പമ്പേ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും വലിയ രൂപത്തിൽ ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.