പലരും അറിയില്ലെന്ന് പറഞ്ഞു, ഒടുക്കം ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണെന്ന് തെളിയിച്ചു : എമിയെ വാഴ്ത്തി ഡി മരിയ

ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുള്ള താരങ്ങളിൽ ഒരാളാണ് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്.ക്വാർട്ടർ ഫൈനലിലും ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരത്തിലും അർജന്റീനക്ക് വിജയം നേടിക്കൊടുത്തത് എമിയുടെ തകർപ്പൻ പ്രകടനമാണ്.മാത്രമല്ല ഫൈനലിന്റെ അവസാന നിമിഷത്തിൽ ഫ്രഞ്ച് താരമായ മുവാനിയുടെ ഷോട്ട് അവിശ്വസനീയമായ രൂപത്തിലായിരുന്നു എമി തടഞ്ഞിട്ടിരുന്നത്.

വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് ലഭിക്കുന്ന ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയിരുന്നതും ഈ അർജന്റീന ഗോൾകീപ്പർ തന്നെയായിരുന്നു. അതിനുശേഷം പല വിവാദങ്ങളിലും താരം അകപ്പെട്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ മികവിന്റെ ശോഭ കെടുത്തുകയോ അദ്ദേഹത്തിന്റെ പ്രാധാന്യം ഇല്ലായ്മ ചെയ്യുകയോ ചെയ്തിട്ടില്ല.അർജന്റീനക്ക് വേൾഡ് കപ്പ് ലഭിക്കാൻ പ്രധാനമായും കാരണക്കാരനാവാൻ എമിക്ക് കഴിഞ്ഞു എന്നുള്ളത് എന്നും നിലനിൽക്കുന്ന ഒന്നായിരിക്കും.

അർജന്റീനയുടെ സൂപ്പർ താരങ്ങളിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ സഹതാരമായ എമിലിയാനോ മാർട്ടിനസിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് അദ്ദേഹത്തിന്റെ മുവാനിക്കെതിരെയുള്ള സേവ് ആണ് അർജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയത് എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ എമി മാർട്ടിനസിന്റെ സേവാണ് ഞങ്ങളെ വേൾഡ് ചാമ്പ്യന്മാർ ആക്കിയത്.പലരും അദ്ദേഹത്തെ തുടക്കത്തിൽ വിമർശിച്ചിരുന്നു.അദ്ദേഹത്തെ ആരും അറിയില്ല എന്നുള്ളത് പലരും പറഞ്ഞിരുന്നു.പക്ഷേ ഒടുക്കത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ താനാണ് എന്നുള്ളത് എമി മാർട്ടിനസ്‌ തെളിയിക്കുകയും ചെയ്തു ‘ ഡി മരിയ ഡേസനോട് പറഞ്ഞു.

വേൾഡ് കപ്പിലെ മികവ് ഇപ്പോൾ തന്റെ ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയും പുറത്തെടുക്കാൻ ഈ അർജന്റീന ഗോൾകീപ്പർക്ക് കഴിയുന്നുണ്ട്. താരത്തിന്റെ മിന്നുന്ന സേവുകൾ ആസ്റ്റൻ വില്ലക്ക് പ്രീമിയർ ലീഗിൽ വിജയങ്ങൾ നേടി കൊടുത്തിരുന്നു.

5/5 - (1 vote)