അർജന്റീന ഇനിയൊരു ലോകകപ്പ് നേടില്ല, രൂക്ഷവിമർശനവുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

ഖത്തർ ലോകകപ്പിൽ അർജന്റീന ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള ഓരോ മത്സരത്തിൽ പൊരുതി ജയിച്ച ടീം ഫൈനലിൽ ഫ്രാൻസ് ഉയർത്തിയ വെല്ലുവിളിയെയും മറികടന്ന് കിരീടം സ്വന്തമാക്കി. മുപ്പത്തിയാറു വർഷത്തിനു ശേഷമായിരുന്നു അർജന്റീനയുടെ കിരീടധാരണം. എന്നാൽ കിരീടനേട്ടത്തിനു ശേഷം അർജന്റീന താരങ്ങൾ ആഘോഷിച്ച രീതി വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

മത്സരത്തിനു ശേഷം എമിലിയാനോ മാർട്ടിനസ് എംബാപ്പയെ നിരന്തരം കളിയാക്കിയതാണ് കൂടുതൽ വിമർശനങ്ങൾക്കിടയാക്കിയത്. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ എസി മിലാൻ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും അർജന്റീനക്കെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു. ലയണൽ മെസി എല്ലാ കാലത്തും ഓർമിക്കപ്പെടുമെങ്കിലും മറ്റുള്ള താരങ്ങൾ ഇനിയൊന്നും നേടില്ലെന്നാണ് സ്ലാട്ടൻ പറഞ്ഞത്.

“ഖത്തർ ലോകകപ്പ് നിങ്ങൾ ചരിത്രത്തിൽ ഓർമിക്കുകയാണെങ്കിൽ അത് മെസി നേടിയെന്നതു കൊണ്ടായിരിക്കും. കാരണം മെസിയാണ് എക്കാലത്തെയും മികച്ച താരം. എംബാപ്പയെ ആലോചിച്ച് എനിക്ക് വിഷമമുണ്ട്. ഫൈനലിൽ നാലു ഗോളുകൾ നേടിയിട്ടും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വിഷമം തന്നെയാണ്. പക്ഷെ ഇപ്പോൾ തന്നെ ഒരു ലോകകപ്പ് നേടിയ താരം ഇനിയും കിരീടം സ്വന്തമാക്കും. എനിക്ക് എംബാപ്പയെ കുറിച്ചാലോചിച്ച് വിഷമമില്ല.”

“ഞാൻ ആശങ്കപ്പെടുന്നത് അർജന്റീനയിലെ മറ്റു കളിക്കാരെക്കുറിച്ചാണ്. കാരണം അവരിനി ഒന്നും നേടാൻ പോകുന്നില്ല. മെസി എല്ലാം നേടി, താരം ഓർമിക്കപ്പെടുകയും ചെയ്യും. പക്ഷെ മോശമായി പെരുമാറിയ മറ്റുള്ളവരെ ഒരിക്കലും ബഹുമാനിക്കാൻ കഴിയില്ല. ഒരു പ്രൊഫെഷണൽ ഫുട്ബോൾ താരമെന്ന നിലയിലാണ് ഞാനിത് പറയുന്നത്. ഒരിക്കൽ ഇതുപോലെ വിജയിക്കാൻ കഴിയുമെങ്കിലും ഇനിയൊരിക്കലും അങ്ങിനെയുണ്ടാകില്ല.” സ്ലാട്ടൻ പറഞ്ഞു.

ലോകകപ്പ് ഫൈനലിന് ശേഷമുള്ള അർജന്റീനയുടെ ആഘോഷങ്ങൾ അപമര്യാദ നിറഞ്ഞതായിരുന്നു എന്ന കാരണം കൊണ്ടു തന്നെ ഫിഫ അതിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. അന്വേഷണം പൂർത്തിയായി തെറ്റു സംഭവിച്ചുവെന്നു കണ്ടെത്തിയാൽ അർജന്റീന ഫുട്ബോൾ ഫെഡറേഷനെതിരെ പിഴ അടക്കമുള്ള നടപടികൾ ഉണ്ടാകും.

Rate this post