2034 ലെ ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ എഐഎഫ്എഫ് |FIFA World Cup

അവസാനം ഇന്ത്യയിലും ഫിഫ ലോകകപ്പ് എത്താൻ പോവുകയാണ് .സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന 2034 ഫിഫ ലോകകപ്പിന്റെ ഏതാനും മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്).

സൗദിയിൽ നടക്കുന്ന വേൾഡ് കപ്പിൽ 48 ടീമുകൾ പങ്കെടുക്കും. ആകെ 104 മത്സരങ്ങളാണ് ലോകകപ്പിലുള്ളത്. ഇതിൽ 10 എണ്ണമെങ്കിലും ഇന്ത്യയിൽ നടത്താൻ കഴിയുമെന്ന് കല്യാൺ ചൗബേ വ്യക്തമാക്കി.ഒക്ടോബർ 18ന് നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്‌സി) അടിയന്തര കോൺഗ്രസ് സൗദി അറേബ്യയുടെ ലോകകപ്പ് ബിഡിനെ പിന്തുണച്ചിരുന്നു.ഇന്ത്യയും ഈ നീക്കത്തെ പിന്തുണച്ചിരുന്നു.

2034 ലോകകപ്പിന്റെ ഏതാനും മത്സരങ്ങൾ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ് ചൗബെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോട് പറഞ്ഞതായാണ് വിവരം.മൂന്ന് ഭൂഖണ്ഡങ്ങളിൽ (ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക) 2030 പതിപ്പ് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചതിന് ശേഷം 2034 ലോകകപ്പിന്റെ ആതിഥേയത്വം ഏഷ്യയിലോ ഓഷ്യാനിയയിലോ നടത്താൻ ഫിഫ തീരുമാനിക്കുകകയായിരുന്നു.

2027ലെ എഎഫ്സി ഏഷ്യൻ കപ്പിനും സൗദി അറേബ്യയാണ് വേദി. ഇന്ത്യ പിന്മാറിയതോടെയാണ് 2027ലെ ഏഷ്യൻ കപ്പിന് സൗദി വേദിയാകുന്നത്. 2034ലെ ലോകകപ്പിൽ വേദിയാകാൻ ഇന്ത്യ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ ഫിഫയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

Rate this post