പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഫ്രാൻസിനെ കീഴടക്കി U17 ലോകകപ്പ് സ്വന്തമാക്കി ജർമ്മനി | Under 17 World Cup

പെനൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ കീഴടക്കി അണ്ടർ 17 വേൾഡ് കപ്പ് സ്വന്തമാക്കി ജർമ്മനി. ആദ്യമായാണ് ജർമ്മനി അണ്ടർ 17 വേൾഡ് കപ്പ് നേടുന്നത്. ഇരു ടീമുകളും നിശ്ചിത സമയത്ത് രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് എത്തിയത്.

69 ആം മിനുട്ടിൽ ജർമൻ താരം വിന്നേഴ്സ് ഒസാവെ രണ്ടാം മഞ്ഞക്കാർഡ് കണ്ട പുറത്തായതോടെ പത്തു പെരുമായാണ് ജർമനി കളി അവസാനിപ്പിച്ചത്. ജക്കാർത്തയിലെ മനഹാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 29 ആം മിനുട്ടിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യുവതാരം പാരിസ് ബ്രണ്ണർ പെനാൽറ്റിയിലൂടെ ജർമനിയുടെ സ്‌കോറിംഗ് തുറന്നു. 51 ആം മിനുട്ടിൽ ക്യാപ്റ്റൻ നോഹ ഡാർവിച്ച് ജർമനിയുടെ ലീഡ് രണ്ടാക്കി ഉയർത്തി . എന്നാൽ രണ്ടു മിനുട്ടിനുള്ളിൽ ഫ്രാൻസ് ഒരു ഗോൾ മടക്കി,സൈമൺ ബൗബ്രെയാണ് ഗോൾ നേടിയത്.

മത്സരം ജർമനി വിജയിക്കും എന്ന് തോന്നിച്ച നിമിഷത്തിൽ ഫ്രാൻസ് സമനില ഗോൾ നേടി.85 ആം മിനുട്ടിൽ മാത്തിസ് അമോഗൗയാണ് ഗോൾ നേടിയത്. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു.റോബർട്ട് റംസാക്ക്, മാക്സ് മോർസ്റ്റാഡ്, ഫൈസൽ ഹർചൗയി, അൽമുഗേര കബർ എന്നിവർ അവരുടെ സ്പോട്ട്-കിക്കുകൾ ഗോളാക്കി മാറ്റിയപ്പോൾ പെനാൽറ്റിയിൽ ജർമ്മനി 4-3 ന് ജയിച്ചു.

മൂന്നു ഫ്രഞ്ച് താരങ്ങൾ പെനാൽറ്റി നഷ്ടപ്പെടുത്തി.ബുഡാപെസ്റ്റിൽ ആറുമാസം മുൻപാണ് യുവേഫ യൂറോപ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. അന്ന് അഞ്ചിനെതിരെ നാലു ഗോളുകൾക്ക് ജർമ്മനി വിജയിച്ചിരുന്നു.

Rate this post