‘കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിവുകളെ വിലകുറച്ച് കാണാൻ ആവില്ല,നാളെ ഒരു കടുപ്പമേറിയ കളിയായിരിക്കും’ : ഗോവ പരിശീലകൻ മനോലോ മാർക്വേസ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് വർഷത്തെ അനുഭവ പരിചയമുള്ള സ്പാനിഷ് ഹെഡ് കോച്ച് മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്‌ബോളിലെ പരിചിത മുഖമായി മാറി.2023-24 സീസണിൽ എഫ്സി ഗോവയെ പരിശീലിപ്പിക്കുന്ന മനോലോ മാർക്വേസ് സാധ്യമായ 18 ൽ നിന്ന് 16 പോയിന്റുകൾ നേടി ഐഎസ്‌എല്ലിന് മികച്ച തുടക്കം കുറിച്ചു.ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത മൂന്ന് ടീമുകളിലൊന്നാണ് ഗോവ.ഈ സീസൺ മുതലാണ് മനോലോ മാർക്കസ് ഹൈദരാബാദ് എഫ്സിയിൽ നിന്നും എഫ് സി ഗോവയുടെ പരിശീലകനായി ചുമതലയേറ്റത്.

ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയ നാളെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടും. വിജയം നേടുകയാണെങ്കിൽ പോയിന്റ് പട്ടികയി ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഗോവക്ക് കഴിയും.അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷമുള്ള ഐഎസ്എൽ സീസണിലെ നിർണായക മത്സരമാവും ഇത്.എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ആറ് കളികളിൽ മൂന്ന് ഗോളുകൾ മാത്രം വഴങ്ങിയ എഫ്‌സി ഗോവയുടെ പ്രതിരോധ റെക്കോർഡ് നിലവിൽ ലീഗിലെ ഏറ്റവും മികച്ചതാണ്.വരാനിരിക്കുന്നത് കടുത്ത പോരാട്ടമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിവുകളെ വിലകുറച്ച് കാണാൻ ആവില്ലെന്നും അവർ ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് അറിയാമെന്നും ഗോവൻ പരിശീലകൻ പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനുമായി താൻ മികച്ച ബന്ധം ഇപ്പോഴും മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്നും ഗോവ കോച്ച് പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് ഞങ്ങൾക്കറിയാം. കേരള ബ്ലാസ്റ്റേഴ്സിന് നല്ല താരങ്ങൾ ഉണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിവുകളെ ഒരിക്കലും കുറച്ചു കാണാൻ കഴിയില്ല. ഞാനും ഇവാനും തമ്മിൽ നല്ല ബന്ധം പങ്കിടുന്നുണ്ട്. ഇവാൻ വുകാമനോവിച്ച് മത്സരബുദ്ധിയുള്ള പരിശീലകനാണ്, ആ ഗുണം തന്റെ ടീമിൽ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.” – മനോലോ മാർക്കസ് പറഞ്ഞു.

” കേരള ബ്ലാസ്റ്റേഴ്‌സ് ഞങ്ങളേക്കാൾ കൂടുതൽ ഗെയിമുകൾ കളിച്ചു, പക്ഷേ അവർക്ക് പ്രധാന താരങ്ങൾ ഇല്ലാതെ കളിക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും അവർക്ക് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരാൻ കഴിഞ്ഞു.നാളെ ഒരു കടുപ്പമേറിയ കളിയായിരിക്കും,ഐഎസ്എല്ലിലെ ഓരോ മത്സരവും ഒരു യുദ്ധമാണ്, ഞങ്ങൾ തയ്യാറാണ്”മാർക്വേസ് പറഞ്ഞു.

“ഐഎസ്എല്ലിലെ മികച്ച മൂന്ന് കളിക്കാരിൽ ഒരാളാണ് അഡ്രിയാൻ ലൂണ . ആക്രമണത്തിൽ മാത്രമല്ല, എല്ലാത്തിലും സമ്പൂർണ്ണ കളിക്കാരനാണ് അദ്ദേഹം ,കളിക്കളത്തിലും പുറത്തും അദ്ദേഹം ഒരു നേതാവാണ്” പരിശീലകൻ കൂട്ടിച്ചേർത്തു.

2.7/5 - (4 votes)