മെസ്സിയുടെ സുഹൃത്തായതിനാലാണോ വിദാലിന് തന്നെക്കാൾ കൂടുതൽ അവസരങ്ങൾ ലഭിച്ചതെന്ന് അറിയില്ലെന്ന് റാക്കിറ്റിച്.

എഫ്സി ബാഴ്സലോണയിലെ ആറു വർഷത്തെ സേവനത്തിനു ശേഷം ക്രോയേഷ്യൻ സൂപ്പർ താരം ഇവാൻ റാക്കിറ്റിച് തന്റെ പഴയ ക്ലബായ സെവിയ്യയിലേക്ക് തന്നെ തിരികെ പോയിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ കേവലം 1.5 മില്യൺ യുറോക്കാണ് താരത്തിനെ ബാഴ്സ സെവിയ്യക്ക് നൽകിയത്. തന്റെ ടീമിൽ സ്ഥാനമില്ലെന്ന് പുതിയ പരിശീലകൻ കൂമാൻ അറിയിച്ചതിന് പിന്നാലെയാണ് റാക്കിറ്റിച് തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങി പോയത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ തന്നെ താരം ബാഴ്സ വിടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇപ്രാവശ്യമാണ് അത്‌ യാഥാർത്ഥ്യമായത്.

ഈ കഴിഞ്ഞ സീസണിൽ താരത്തിന് ടീമിൽ അവസരങ്ങൾ കുറവായിരുന്നു എന്ന് മാത്രമല്ല ഫോം കണ്ടെത്താൻ കഴിയാത്ത ആർതുറോ വിദാലിന് കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്തിരുന്നു. ഈ വിഷയത്തോട് കഴിഞ്ഞ ദിവസം പ്രതികരണം അറിയിക്കുകയും ചെയ്തു. മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയതിനാലാണോ തന്നെക്കാൾ കൂടുതൽ വിദാലിന് ടീമിൽ സ്ഥാനം ലഭിച്ചത് എന്ന ചോദ്യത്തിനാണ് റാക്കിറ്റിച് മറുപടി നൽകിയത്. എനിക്കറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് അദ്ദേഹം ഈ വാദം നിരസിക്കാൻ തയ്യാറായില്ല എന്നർത്ഥം.

” എനിക്ക് അതിനെ കുറിച്ച് ഒന്നുമറിയില്ല. ഞാൻ എപ്പോഴും പരിശീലകന് കീഴിൽ കളിക്കാൻ ആഗ്രഹിക്കുകയും ലഭ്യമാവുകയും ചെയ്തിരുന്നു. പക്ഷെ അവിടെയുള്ള ചില തീരുമാനങ്ങൾക്ക് പിന്നിൽ എന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പക്ഷെ അതെല്ലാം ടീമിന്റെ നല്ലതിന് വേണ്ടി ഞാൻ അംഗീകരിച്ചിരുന്നു. മെസ്സിയും ഞാനും ഏറ്റവുമടുത്ത നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്ന് പറയുന്നില്ല. പക്ഷെ അദ്ദേഹം എന്നോട് നല്ല രീതിയിൽ ആയിരുന്നു പെരുമാറിയിരുന്നത് “റാക്കിറ്റിച് പറഞ്ഞു.

മെസ്സിയുമായി ചില അഭിപ്രായവിത്യാസങ്ങൾ റാകിറ്റിച്ചിന് ഉണ്ടായിരുന്നു എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. അതിനിടെ ക്രോയേഷ്യ – അർജന്റീന മത്സരത്തിലെ മെസ്സിയെ വീഴ്ത്തി കൊണ്ട് റാക്കിറ്റിച്ച് മുന്നേറുന്ന ചിത്രം താരം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് മെസ്സി ആരാധകർക്കിടയിൽ വലിയ രോഷത്തിന് വഴി വെച്ചിരുന്നു. ഏതായാലും മെസ്സിയും റാകിറ്റിച്ചും തമ്മിലുള്ള ബന്ധം അത്ര നല്ല രൂപത്തിൽ ആയിരുന്നില്ല എന്നത് വ്യക്തമായിരുന്നു.

Rate this post