“പെലെയെ മറികടന്നു ,ഇനി ലയണൽ മെസ്സിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം”
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള മത്സരത്തിലും , ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തിലെയും ഏഴു തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിയുടെ പ്രകടനത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ആ വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തുന്ന പ്രകടനമാണ് ഇന്നലെ മെസ്സി ചാമ്പ്യൻസ് ലീഗിൽ ബ്രുഗിനെതിരെ പുറത്തെടുത്തത്. ഓരോ മത്സരത്തിലും പുതിയ ഗോൾ റെക്കോർഡുകൾ സ്ഥാപിക്കുന്ന മെസ്സി ഇന്നലെ നേടിയ ഇരട്ട ഗോളോടെ പുതൊയൊരു റെക്കോർഡും സ്ഥാപിച്ചു. തന്റെ ട്രേഡ്മാർക്ക് ഗോളിലൂടെയാണ് മെസ്സി പുതിയ നാഴിക കല്ല് പിന്നിട്ടത്.
ഇന്നലെ നേടിയ ഇരട്ട ഗോളോടെ പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയില്‍ പെലെയുടെ റെക്കോർഡ് മറികടക്കാന്‍ ലിയണൽ മെസിക്കായി. 757 ഗോൾ നേടിയ പെലെയെ മറികടന്ന മെസിക്ക് ഇപ്പോൾ 758 ഗോളായി. 801 ഗോൾ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾവേട്ടയിൽ മെസിക്ക് മുന്നിലുള്ളത്. ഒറ്റ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ നേടിയ താരം എന്നീ പട്ടികകളിലും പെലെയുടെ റെക്കോർഡുകള്‍ മെസി ഈ വർഷം മറികടന്നിരുന്നു.
പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് മെസി ഈ വർഷം നേടുന്ന പതിനാറാമത്തെ ഗോൾ കൂടിയായിരുന്നു ഇത്. ഈ വർഷം ഇത്തരത്തില്‍ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവും മെസിയാണ്. എംബാപ്പയുടെ പാസിൽ നിന്നും 18 യാർഡ് ബോക്‌സിന്റെ അരികിൽ നിന്ന് അമ്പരപ്പിക്കുന്ന ഗോളാണ് മെസ്സി നേടിയത്. ക്ലബിന് വേണ്ടി 678 ഗോളുകൾ നേടിയ മെസ്സി അർജന്റീനക്ക് വേണ്ടി 80 ഗോളുകളും നേടിയിട്ടുണ്ട്.
ഈ സീസണിൽ 5 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ മെസ്സിയുടെ അഞ്ചാമത്തെ ഗോൾ കൂടിയാണിത്.ഇരട്ട ഗോളോടെ പിഎസ്‌ജിയുടെ ചരിത്രത്തിൽ ആദ്യ മൂന്ന് ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങളിലും സ്കോർ ചെയ്യുന്ന മൂന്നാമത്തെ താരമായി മെസ്സി മാറുകയും ചെയ്തു. .ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ടീമുകൾക്കെതിരെ സ്‌കോർ ചെയ്ത താരങ്ങളുടെ റെക്കോർഡ് പങ്കിട്ട് സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോകൊപ്പം ലയണൽ മെസിയും പങ്കിട്ടു.ഇരുവരും 38 ടീമുകൾക്കെതിരെ ഗോൾ നേടിയിട്ടുണ്ട്.
ഈ വർഷം ആദ്യം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ സൗത്ത് അമേരിക്കൻ താരങ്ങളുടെ പട്ടികയിൽ മെസ്സി പെലെയെ മറികടന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് കായികരംഗത്ത് അടുത്തിടെ 801 കരിയർ ഗോളുകൾ പൂർത്തിയാക്കിയ ഒന്നാം സ്ഥാനം. കഴിഞ്ഞ വാരാന്ത്യത്തിൽ ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ റൊണാൾഡോ തന്റെ 800, 801 ഗോളുകൾ നേടിയിരുന്നു.801 ഗോളുകളിൽ, പോർച്ചുഗീസ് തന്റെ ദേശീയ ടീമിനായി ആകെ 115 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ് തലത്തിൽ സ്‌പോർട്ടിംഗ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിവയ്ക്കായി 686 ഗോളുകൾ കൂടി നേടിയിട്ടുണ്ട്.