എന്താണ് മെസ്സിക്ക് സംഭവിച്ചിരിക്കുന്നത്?! ഇതു കൊണ്ടാണ് താരത്തിന് ബാഴ്‌സ ജേഴ്സിയിൽ തന്റെ ആദ്യ റെഡ് കാർഡ് ലഭിച്ചത്

2021 ജനുവരി 17, ലയണൽ മെസ്സിയുടെ ബാഴ്‌സ സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ കളിക്കുന്നു, ഒരു പക്ഷെ ബാഴ്‌സ ഫൈനലിൽ എത്താതെയിരുന്നെങ്കിൽ എന്നു ആലോചിച്ചവർ ഉണ്ടോ?

മെസ്സി തന്റെ മികവിനൊത്തുയർന്നില്ല. മത്സരത്തിനുടനീളം നാം കണ്ടത് തന്റെ പ്രതാപ കാലത്തെ തിരിച്ചു പിടിക്കാൻ പാടു പെടുന്ന ഒരു കപ്പിത്താനെയാണ്. ഡ്രിബിൽ ചെയ്യുന്നതിൽ മെസ്സി പിന്നോട്ട് പോയിരിക്കുന്നു. തന്റെ ചലനങ്ങളിൽ പകുതിയോളം പിഴക്കുന്നു. ആക തുകയിൽ മത്സരം മെസ്സിക്കും കൂട്ടർക്കും നല്ല ഓർമയല്ല സമ്മാനിച്ചത്.

ഇത് നമ്മൾ കണ്ട മെസ്സിയല്ല, ആർത്തിരമ്പുന്ന ക്യാമ്പ് നൗലെ ആരാധകർക്ക് മുന്നിൽ എതിരാളികൾക്കിടയിലൂടെ ഫുട്‌ബോൾ കൊണ്ട് ചിത്രം വരയ്ക്കുന്ന മെസ്സിയെ ഓർക്കുമ്പോൾ ശെരിക്കും സങ്കടം വരുന്നുണ്ട്.

പ്രശ്നം തുടങ്ങുന്നത് ഇതു വരെയും ഭേദമാവാത്ത താരത്തിന്റെ പരിക്കിൽ നിന്നാണ്. താരം പരിക്കിൽ നിന്നും പൂർണമായ മുക്തി നേടിയിട്ടില്ല. അതു 120 മിനുറ്റുകൾ നിറഞ്ഞ താരത്തിന്റെ പ്രകടനത്തിൽ നിന്നും വ്യക്തമായിരുന്നു. കൂടാതെ ക്ലബ്ബ് കരിയറിലെ താരത്തിന്റെ ആദ്യ റെഡ് കാർഡും. ബാഴ്സയ്ക്കായി കളിച്ചിട്ടുള്ള 753 മത്സരങ്ങളിലെ ആദ്യ റെഡ് കാർഡ്!

മുണ്ടോ ഡിപ്പോർട്ടീവോ താരത്തിന്റെ അവസാന നാളുകളാണ് ഇതെന്ന് സൂചിപ്പിക്കുന്നു. ശെരിക്കും എന്താണ് മെസ്സിയുടെ നിലവിലെ പ്രശ്നം. ഇന്ന് നമ്മുക്ക് എന്താണ് ബാഴ്‌സ ഇതിഹാസത്തിന്റെ യഥാർത്ഥ പ്രശ്‌നമെന്ന് നോക്കാം.

“ഞാൻ ഒരു സൈക്കോളജിസ്റ്റിനു മുന്നിൽ സമയം ചിലവഴികണമായിരുന്നു പക്ഷെ ഞാൻ പോയില്ല. എന്തു കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല. ആ ചുവടിന്റെ ആവശ്യകത എന്താണെന്ന് എനിക്കറിയാം എന്നിട്ടും എന്തോ എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഞാൻ എന്തു വന്നാലും എന്നിൽ മാത്രം പങ്കെടുന്ന ഒരു പ്രകൃതക്കാരനാണ്. ഞാൻ ആരോടും അതിനെ പറ്റി സംസ്സാരിക്കുകയുമില്ല. എനിക് അത് ഇഷ്ടമില്ല. അതു കൊണ്ട് ഞാൻ ആ ചുവടു എടുത്തില്ല.”

“ആന്റോനെല്ല എന്നെ പോകുവാൻ വേണ്ടി നിർബന്ധിക്കുമായിരുന്നു. എനിക്ക് അത് അത്യാവശ്യവുമാണ്. ഒരു സൈക്കോളജിസ്റ്റ്, എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ എന്നെ മെച്ചപ്പെടുത്തും. പക്ഷെ എനിക്ക് താത്പര്യമില്ല.”

ലാ സെസ്സ്റ്റയുടെ മാധ്യമ പ്രവർത്തകനായ ജോർഡി എവോളിയുമായിട്ടുള്ള ഇന്റർവ്യൂവിൽ താരം മനസ്സു തുറന്നു സംസാരിച്ചു.

2020 ഡിസംബർ 8ൽ ബാഴ്സയുമായിട്ടുള്ള ജുവെന്റ്‌സിന്റെ മത്സരത്തിന് മുൻപ്, ജുവെന്റ്‌സ് പരിശീലകനായ ആന്ദ്രേ പിർലോ ഈ സീസണിൽ മെസ്സിയുടെ മോശം ഫോമിനെ പറ്റി സംസാരിച്ചതിങ്ങനെ:

“മെസ്സിക്ക് ഫുട്‌ബോൾ കളിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ താരത്തെ മാനസികമായിട്ടുള്ള പ്രശ്നങ്ങൾ അലട്ടുന്നുണ്ട്.”

തീർച്ചയായും!

മെസ്സി ബാഴ്സയിൽ തന്റെ കരിയറിലെ ഏറ്റവും മോശം സമയമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സമ്മറിൽ ഇതിനൊരു ക്ലൈമാക്സുമായി.

താരം ക്ലബ്ബ് വിടണമെന്ന ആഗ്രഹം തുറന്നു പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം അദ്ദേഹം ഫോമിലേക്കുയർന്നിരുന്നു. അദ്ദേഹത്തിന്റെ മുഖത്തിൽ ഒഴിഞ്ഞു നിന്നിരുന്ന ചിരിയും പ്രസരിപ്പും തിരിച്ചെത്തിയിരുന്നു.

2021ന്റെ തുടക്കത്തിൽ മെസ്സി ഉജ്വല ഫോമിലാണ് കളിച്ചു തുടങ്ങിയത്. ആദ്യ മൂന്നു മത്സരങ്ങളിൽ നിന്നും 4 ഗോളുകൾ അടിച്ചു താരം പുതു വർഷം ആഘോഷമാക്കി. താരം ഫോമും തന്റെ ബാഴ്‌സ പ്രണയവും തിരിച്ചു പിടിച്ചു എന്ന് കരുതിയതുമാണ്.

“ഞാൻ ബാഴ്‌സയുമായി പ്രണയത്തിലാണ്!” മെസ്സി ജോർഡി എവോളിയുമായി പങ്കുവെച്ചു.

അത് കടുത്ത പ്രണയം തന്നെയായിരുന്നു. പരിക്കും വച്ചു ടീമിനെ അദ്ദേഹം സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനൽ വരെയെത്തിച്ചു. ഫൈനലിൽ ബാഴ്‌സയുടെ ആദ്യ ഗോളിനുള്ള തിരികൊളത്തിയതും മെസ്സിയാണ്. ഡിഫെൻസിനെ കീറി മുറിച്ചു മെസ്സി ആൽബക്ക് പാസ് കൊടുക്കുന്നു, ആൽബ മെസ്സിക്കു പാസ് ചെയ്യുന്നു. പാസ് മെസ്സി ഗ്രീസ്മാനിലേക്കു തിരിച്ചു വിടുകയായിരുന്നു. ഓടി വന്ന ഗ്രീസ്മാന്റെ ഫസ്റ്റ് ടൈം ഷോട്ട് ഗോൾവലയുടെ വലത്തെ മൂലയിലേക്കു പതിക്കുകയായിരുന്നു.

പക്ഷെ ബാഴ്‌സയുടെ പ്രതീക്ഷകളെ കത്തിച്ചു കളഞ്ഞ വില്ലാ ലിബ്ബ്രെയുടെ ഗോളിനു പിന്നാലെ വന്ന ഇനാകി വില്യംസിന്റെ മനോഹരമായ ലോങ് റെയ്ൻജർ, കളിയെ അത്ലറ്റിക്കോയ്ക്കു സമ്മാനിക്കുകയായിരുന്നു.

അങ്ങനെ കളിയുടെ 121മത്തെ മിനുട്ടിൽ മെസ്സിക്ക് ക്ലബ്ബ് കരിയറിലെ തന്റെ ആദ്യ റെഡ് കാർഡും ലഭിച്ചു. തന്നെ ചെറുതായൊന്ന് തടഞ്ഞ ലിബ്രെയെ വലത്തെ കൈ കൊണ്ട് അടിച്ചിടുകയായിരുന്നു മെസ്സി. വി.എ.ആർ പരിശോധിച്ച റഫറി പിന്നെ ഒന്നും നോക്കിയില്ല.

റെഡ് കാർഡ്!!!

മെസ്സിയുടെ മുഖം അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ മറച്ചു വെച്ചില്ല. അദ്ദേഹത്തിന്റെ നിരാശജനകമായ നിൽപ് കണ്ടപ്പോൾ 2014ലെ അർജന്റീന ഫൈനൽ തോറ്റ മത്സരമാണ് മനസിലെക്കെതിയത്. പിന്നീട് മെസ്സി കൂമാന്റെ മുന്നിലൂടെ ഒന്നും മിണ്ടാതെ തല കുനിച്ചു നടന്നു നീങ്ങി.

ബാഴ്‌സ കരിയറിലെ തന്റെ ആദ്യ റെഡ് കാർഡ്! ശെരിക്കും എന്തായിരുന്നു സംഭവിച്ചത്?

കഴിഞ്ഞ ട്രോഫിയില്ലാ സീസൺ മുതൽ തുടങ്ങിയതാണ് ഈ പ്രശ്നങ്ങളെല്ലാം. മെസ്സി ശാരീരികമായി മത്സരത്തിന് തയ്യാറല്ല എന്ന് മുൻപ് സൂചിപ്പിച്ചതാണല്ലോ. ആ മെസ്സിയാണ് ഒന്നും നോക്കാതെ ബാഴ്സയ്ക്കായി 120 മിനുറ്റുകൾ കളിച്ചത്.

“കൂമാൻ ചെയ്തത് ക്രൂരതയാണ് പരിക്കുണ്ടായിരുന്നിട്ടും മെസ്സിയെ 120 മിനുറ്റുകളെന്തിനു കളിപ്പിച്ചു?” മത്സരത്തിന് ശേഷം അർജന്റീനയിലെ പത്ര പ്രവർത്തകനായ റോയ് നേമെർ പ്രതികരിച്ചതിങ്ങനെ.

ബാഴ്‌സയുടെ പ്രസിഡന്റ് സ്ഥാനത്തെക്കുള്ള സ്ഥാനാർഥിയായ ജൂവാൻ ലപ്പോർട്ടയ്ക്ക് മെസ്സിയുടെ നിലവിലെ പ്രശനങ്ങൾ കുറിച്ചു നന്നായി അറിയാം.

“ലിയോക്ക് സാമ്പത്തികമായി ഒന്നും വേണ്ട. അദ്ദേഹത്തിന് വേണ്ടത് ബാഴ്സയാണ്, അദ്ദേഹം ചാമ്പ്യൻസ് ലീഗിലെയും ലാ ലീഗാ മത്സരങ്ങളിലേയും വിജയങ്ങൾ ശെരിക്കും മിസ് ചെയ്യുന്നു. ഇതാണ് അദ്ദേഹത്തിന്റെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനം. അദ്ദേഹത്തിനു നല്ലൊരു ഓഫർ നൽകാൻ സാധിക്കുമെന്ന് കരുതുന്നു.” – ജൂവാൻ ലപ്പോർട്ട

മെസ്സിയുടെ ഉറ്റ സുഹൃത്തായ മുൻ ബാഴ്‌സ താരം ഡാനി ആൽവസും സംഭവത്തെ കുറിച്ചു പ്രതികരിച്ചു.

“മെസ്സിക്കു വിജയങ്ങളെയാണ് ഇഷ്ടം. അവന് തോൽകുന്നത് ഇഷ്ടമല്ല. ടീം തോൽക്കുമ്പോൾ അദ്ദേഹത്തിനു ദേഷ്യം വരുന്നത് സ്വാഭാവികമാണ്, അവന് എപ്പോഴും ജയിക്കണം. അവൻ ടീം ജയിക്കുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നു ഞാൻ കരുതുന്നു. നമ്മൾ എപ്പോഴും ഒരു കാര്യം ഓർത്തിരിക്കണം… അവനൊരു മനുഷ്യനാണ്!!!”

തോൽവിയോടെ മെസ്സി ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. റോയ് നേമെറും താരത്തിന്റെ ട്രാൻസ്ഫെറിനെ പറ്റി അനുകൂലമായി പ്രതികരിച്ചു.

ബാഴ്സയ്ക്ക് മെസ്സിയുമായി ഒരു ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ, തീർച്ചയായും താരം പി.എസ്.ജിയിലേക്ക് പോയേക്കും.

ഈ വരുന്ന ജൂണിൽ താരത്തിനു 34 വയസ്സാവും. അതു കൊണ്ട് തന്നെ താരത്തിനു ബാഴ്‌സയുടെ അടുത്ത വമ്പൻ പദ്ധതി വരെ കാത്തിരിക്കാനുള്ള സമയമില്ല.

ഫുട്‌ബോൾ പ്രേമികളെ, ഇതിനെ പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? ഈ സീസൺ ബാഴ്‌സ ജേഴ്സിയിൽ മെസ്സിയുടെ അവസാന സീസൺ ആകുമോ?

Rate this post