ഫുട്ബോൾ ലോകം കാത്തിരുന്ന കൂട്ടുകെട്ടിന് കളമൊരുങ്ങുന്നു, മെസിക്കു വേണ്ടി യുവന്റസ് രംഗത്ത്

ഫുട്ബോൾ ലോകം എക്കാലവും കാത്തിരുന്ന കൂട്ടുകെട്ടിനുള്ള സാധ്യത വർദ്ധിപ്പിച്ച് ബാഴ്സലോണ താരം ലയണൽ മെസിക്കു വേണ്ടി യുവന്റസ് രംഗത്തുണ്ടെന്നു റിപ്പോർട്ടുകൾ. ക്ലബ് നേതൃത്വവുമായുള്ള പ്രശ്നങ്ങൾ മൂലം ബാഴ്സ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറാൻ സാധ്യതയുള്ള താരത്തെ ഇറ്റലിയിലേക്കെത്തിക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

മുപ്പത്തിമൂന്നുകാരനായ അർജൻറീനിയൻ താരത്തിനു വേണ്ടി പിതാവായ ജോർജ് മെസിയോട് യുവന്റസ് സംസാരിച്ചുവെന്നാണ് ഫ്രഞ്ച് മാധ്യമം റിപ്പോർട്ടു ചെയ്യുന്നത്. ട്രാൻസ്ഫർ നടന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളും പതിനൊന്നു ബാലൺ ഡി ഓർ സ്വന്തമാക്കുകയും ചെയ്ത മെസിയും റൊണാൾഡോയും ഒരുമിച്ച് ഒരു ടീമിൽ ആദ്യമായി കളിക്കുന്നതിനായിരിക്കും ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുക.

നേരത്തെ ഹിഗ്വയ്നു പകരക്കാരനായി സുവാരസിനെ ടീമിലെത്തിക്കാൻ യുവന്റസ് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തന്റെ ആത്മാർത്ഥ സുഹൃത്തായ സുവാരസ് ഇറ്റലിയിലേക്കു പോവുകയാണെങ്കിൽ അതിനൊപ്പം യുവന്റസിലെത്താൻ മെസിയും തയ്യാറാകാൻ സാധ്യതയുണ്ട്. ഡിബാല യുവന്റസുമായി കരാർ ഒപ്പിടാൻ വൈകുന്നതും മെസിയുടെ ട്രാൻസ്ഫറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മെസിയുടെ ഭാവിയെ സംബന്ധിച്ച അവസാന തീരുമാനം ഈയാഴ്ച അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച പരിശീലനത്തിനു തിരിച്ചെത്തുന്ന താരം അതിനു ശേഷം ബാഴ്സ ബോർഡുമായി ചർച്ച നടത്തി ടീം വിടുന്ന കാര്യത്തിൽ അന്തിമമായ തീരുമാനം വെളിപ്പെടുത്തിയേക്കും.

Rate this post