സുവാരസ് ബാഴ്സക്കെതിരെ കളിച്ചേക്കും? താരത്തെ ടീമിലെത്തിക്കാൻ സ്പാനിഷ് വമ്പൻമാർ.

എഫ്സി ബാഴ്സലോണയുടെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസിന് ഇനി ക്ലബിൽ ഇടമില്ലെന്ന് പരിശീലകൻ കൂമാൻ താരത്തെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നു. കേവലം ഒരു മിനുട്ട് മാത്രം നീണ്ടുനിന്ന ഫോൺ സംഭാഷണത്തിലൂടെയാണ് സുവാരസിന് ക്ലബുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. അതായത് ക്ലബിന്റെ ഈ നടപടി ആരാധകർക്കും മെസ്സിക്കും വലിയ തോതിൽ അനിഷ്ടം ഉണ്ടാക്കാൻ ഇടവരുത്തി. ഏതായാലും സുവാരസ് ഏത് ക്ലബ്ബിലേക്ക് എന്ന കിംവദന്തികൾ തുടരുകയാണ്.

ആദ്യമായി സുവാരസിന്റെ പഴയ ക്ലബ് അയാക്സ് താരത്തിന് ഓഫറുമായി ബാഴ്‌സയെ സമീപിച്ചിരുന്നു. 13.5 മില്യൺ പൗണ്ട് ആയിരുന്നു ഓഫർ ചെയ്തത്. എന്നാൽ ഇത് സുവാരസ് തന്നെ തള്ളികളയുകയായിരുന്നു. പിന്നീട് ബെക്കാമിന്റെ ഇന്റർമിയാമി സുവാരസുമായി ചർച്ച നടത്തി. എന്നാൽ താരത്തിന് യൂറോപ്പിൽ തന്നെ തുടരണം എന്നതിനാൽ അതും വിഫലമായി. ഒടുക്കം ഗോൺസാലോ ഹിഗ്വയ്‌നെ വെച്ച് ഒരു സ്വാപ് ഡീലിന് വേണ്ടി യുവന്റസ് ശ്രമിച്ചുവെങ്കിലും ബാഴ്സ അത്‌ നിരസിക്കുകയായിരുന്നു. കൂടാതെ പിഎസ്ജിക്ക് വേണം എന്ന ഒരു വാർത്തയുമുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ മറ്റൊരു ക്ലബുമായി ബന്ധപ്പെടുത്തി കൊണ്ടാണ് പുതിയ വാർത്തകൾ വരുന്നത്. മറ്റാരുമല്ല ലാലിഗയിലെ തന്നെ അത്ലറ്റികോ മാഡ്രിഡ്‌ ആണ് താരത്തെ നോട്ടമിട്ടിരിക്കുന്നത്. ഒരു സ്‌ട്രൈക്കറെ ആവിശ്യമുള്ള സിമിയോണി താരത്തെ ക്ലബിൽ എത്തിച്ചാലോ എന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സ്പാനിഷ് മീഡിയയായ എഎസ്സ് ആണ് ഈ വാർത്ത പുറത്തേക്ക് വിട്ടത്. സുവാരസിനെ കൂടാതെ എഡിൻസൺ കവാനിയെയും അത്ലറ്റികോ നോട്ടമിട്ടിട്ടുണ്ട്. രണ്ടിലൊരു താരത്തെ ക്ലബിൽ എത്തിക്കാനാണ് സിമിയോണിയുടെ ശ്രമം.

മുമ്പ് ബാഴ്‌സയിൽ നിന്ന് ഒരു സ്‌ട്രൈക്കറെ റാഞ്ചി കൊണ്ട് കിരീടം സ്വന്തമാക്കിയ പരിശീലകനാണ് സിമിയോണി. 2013/14 സീസണിൽ ആയിരുന്നു സംഭവം. കേവലം അഞ്ച് മില്യൺ യുറോ നൽകി കൊണ്ടാണ് ഡേവിഡ് വിയ്യയെ അത്ലറ്റികോ മാഡ്രിഡ്‌ ടീമിൽ എത്തിച്ചത്. ആ സീസണിൽ റയൽ മാഡ്രിഡിനെയും ബാഴ്സയെയും മറികടന്ന് കൊണ്ട് ലാലിഗ കിരീടം അത്ലറ്റികോ സ്വന്തമാക്കിയിരുന്നു. അത്പോലെയൊരു നീക്കമാണ് സിമിയോണി സുവാരസിലൂടെ ലക്ഷ്യം വെക്കുന്നത്. അന്ന് ഡേവിഡ് വിയ്യ തിളങ്ങിയത് പോലെ സുവാരസിനും തിളങ്ങാൻ കഴിയുമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. കവാനി, സുവാരസ് എന്നിവരെ കൂടാതെ ലാക്കസാട്ടെ, മിലിക് എന്നിവരും ഇദ്ദേഹത്തിന്റെ പരിഗണനയിൽ ഉണ്ട്.

Rate this post