ആ മൂന്നു കാര്യങ്ങളും പച്ചക്കള്ളം, രൂക്ഷമായ വിമർശനവുമായി മെസിയുടെ പിതാവ് |Lionel Messi

ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കാത്തതിനാൽ തന്നെ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ഉയർന്നു വരുന്നുണ്ട്. ഇതിൽ യാഥാർഥ്യമുള്ളതും ഇല്ലാത്തതുമായ വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ലയണൽ മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസി മെസിയുടെ പേരിൽ വരുന്ന വ്യാജമായ വാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയുണ്ടായി.

ലയണൽ മെസിയുടെ പേരിൽ വന്ന മൂന്നു വാർത്തകളാണ് താരത്തിന്റെ പിതാവ് പരാമർശിച്ചിരിക്കുന്നത്. ഒരെണ്ണത്തിൽ ലയണൽ മെസി പരിശീലകനോടുള്ള പ്രശ്‌നം കാരണം പിഎസ്‌ജി ട്രെയിനിങ് ഗ്രൗണ്ട് വിട്ടു പോയെന്നായിരുന്നു. അതിനു പുറമെ മെസിയുടെ ആവശ്യങ്ങൾ പിഎസ്‌ജി അംഗീകരിക്കാൻ തയ്യാറായില്ലെന്നും അൽ ഹിലാലിനോട് 600 മില്യൺ യൂറോ മെസി പ്രതിഫലമായി ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങളെയും അദ്ദേഹം നിഷേധിച്ചു.

“എത്ര നേരം അവർ കള്ളം പറയും? എവിടെയാണ് ഇതിന്റെ പരിശോധന നടക്കുന്നത്? എന്തൊക്കെ കള്ളങ്ങളാണ് വരുന്നത്” അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി. “പലരോടും എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, ഒന്നും വിശ്വസിക്കാനാവില്ല. കൂടുതൽ ഫോളോവേഴ്‌സിനെ ഉണ്ടാക്കാനുള്ള ഇതുപോലെയുള്ള ശ്രമങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ല.” ജോർജ് മെസി എഴുതി.

ലയണൽ മെസി ഏതു ക്ലബിലാണ് അടുത്ത സീസണിൽ കളിക്കുകയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മെസി പിഎസ്‌ജി വിടാൻ തന്നെയാണ് സാധ്യതയുള്ളത്. എന്നാൽ യൂറോപ്പിലെ ഏതൊക്കെ ക്ലബുകൾക്ക് മെസിയുടെ പ്രതിഫലം താങ്ങാൻ കഴിയുമെന്ന് കണ്ടറിയണം. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്കെ മെസി ചേക്കേറാനും സാധ്യതയുള്ളൂ.

1/5 - (1 vote)