എന്നെ ബാഴ്സയിൽ കാണരുതെന്ന് ആഗ്രഹിക്കുന്നവർ ക്ലബ്ബിനുള്ളിൽ തന്നെയുണ്ടെന്ന് മെസ്സിയുടെ വെളിപ്പെടുത്തൽ

ബാഴ്സലോണ ആരാധകരെയും മെസ്സിയുടെ ആരാധകരെയും സങ്കടത്തിലാഴ്ത്തിയാണ് ലിയോ മെസ്സി തന്റെ അടുത്ത ക്ലബ്ബായി മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയെ തിരഞ്ഞെടുത്തത്. വമ്പൻ ഓഫറുമായി സൗദി ക്ലബ്ബായ അൽ ഹിലാൽ മുന്നോട്ട് വന്നെങ്കിലും ലിയോ മെസ്സി അമേരിക്കയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഈ തീരുമാനം എടുത്തതിനു പിന്നാലെ ലിയോ മെസ്സി മുണ്ടോ ഡിപ്പോർട്ടിവോ, സ്‌പോർട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. മെസ്സിയുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിക്കാത്ത ചിലർ ബാഴ്സ ക്ലബ്ബിനുള്ളിൽ ഉണ്ടെന്ന് ഉറപ്പാണ് എന്നാണ് ലിയോ മെസ്സി പറഞ്ഞത്.

തന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ സാധ്യമായത് എല്ലാം ബാഴ്സലോണ ചെയ്തോ എന്നതിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ബാഴ്സ പരിശീലകനായ സാവി പറയുന്നത് മാത്രമേ അതിനെ കുറിച്ച് തനിക്കു അറിയൂവെന്നും ലിയോ മെസ്സി അഭിമുഖത്തിൽ പറഞ്ഞു. അവസാന നിമിഷം വരെ ബാഴ്സലോണക്കായി കാത്തിരുന്നതിന് ശേഷമാണ് മെസ്സി മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നത്.

“സത്യസന്ധമായി പറഞ്ഞാൽ എന്നെ കൊണ്ടുവരാൻ ആവശ്യമായത് എല്ലാം ബാഴ്സലോണ ചെയ്തോ എന്നത് എനിക്ക് ഉറപ്പില്ല, സാവി എന്നോട് പറഞ്ഞത് എന്താണെന്ന് മാത്രമേ എനിക്കറിയൂ. ഞാൻ ക്ലബ്ബിലേക്ക് വരുന്നത് ക്ലബ്ബിനെ ദോഷമായി ബാധിക്കുമെന്ന് കരുതി ഞാൻ ബാഴ്സയിലേക്ക് മടങ്ങരുത് എന്ന് ആഗ്രഹിക്കുന്ന ആളുകൾ ക്ലബ്ബിലുണ്ട് എന്നത് എനിക്ക് ഉറപ്പാണ്. ” – ലിയോ മെസ്സി പറഞ്ഞു.

മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയിൽ ചേരുന്ന ലിയോ മെസ്സി അടുത്ത സീസണിൽ ക്ലബിന് വേണ്ടി കളിക്കും. മെസ്സിയുടെ കരാർ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം ജൂണിൽ മെസ്സിക്ക് കരാർ പുതുക്കണോ ടീം വിടണോയെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്.

4.3/5 - (39 votes)