മെസിയേയും അർജന്റീന ടീമിൽ നിന്നും ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഡി മരിയ

അർജന്റീന ടീമിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ രൂക്ഷമായി പ്രതികരിച്ച് ഏഞ്ചൽ ഡി മരിയ. പ്രായത്തിന്റെ പ്രശ്നം മൂലമാണു തന്നെ ഒഴിവാക്കിയതെന്നാണു പറയുന്നതെങ്കിൽ എന്തു കൊണ്ട് മെസിയടക്കമുള്ള താരങ്ങൾ ടീമിൽ തുടരുന്നുവെന്നും അവർക്കു പകരക്കാരായ താരങ്ങളെ ടീമിലെടുക്കാമായിരുന്നില്ലേ എന്നും ഡി മരിയ ചോദിക്കുന്നു.

പിഎസ്ജിക്കൊപ്പം തകർപ്പൻ ഫോമിൽ കളിക്കുമ്പോഴാണ് ഡി മരിയ അർജന്റീന ടീമിൽ നിന്നും ഒഴിവാക്കപ്പെടുന്നത്. അടുത്ത മാസം ഇക്വഡോറിനും ബൊളീവിയക്കും എതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നിന്നാണ് പരിശീലകൻ സ്കലോണി താരത്തെ ഒഴിവാക്കിയത്.

“മുപ്പത്തിരണ്ടുകാരനായ എന്നെ പ്രായത്തിന്റെ പേരിലാണ് ഒഴിവാക്കി മറ്റു താരങ്ങളെ എടുക്കുന്നതെങ്കിൽ എല്ലാവർക്കും അതു ബാധകമല്ലേ. മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും പ്രായം കൂടുതലാണെന്ന പേരിൽ മെസി, ഒട്ടമെൻഡി, അഗ്യൂറോ എന്നിവരും മറ്റുള്ളവർക്കു വേണ്ടി ടീമിൽ നിന്നും പുറത്തു പോകേണ്ടവരല്ലേ.” ഡി മരിയ തുറന്നടിച്ചു.

യോഗ്യത മത്സരങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട ഡി മരിയക്ക് കോപ അമേരിക്ക ടൂർണമെന്റിലെ സ്ഥാനവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അർജൻറീന ടീം തനിക്കു വളരെ പ്രധാനപ്പെട്ടതാണെന്നും തിരിച്ചു വരാൻ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.

Rate this post