മെസിക്കു വേണ്ടി വമ്പൻ വാഗ്ദാനവുമായി മാഞ്ചസ്റ്റർ സിറ്റി, ലക്ഷ്യം ജനുവരിയിൽ പ്രീ കോൺട്രാക്ട്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും ബാഴ്സ നടത്തിയ ഇടപെടലുകൾ അതിന് അവസാനം കുറിക്കുകയായിരുന്നു. അവസാന വർഷം കോൺട്രാക്ട് ഒഴിവാക്കാനുള്ള ഉടമ്പടി ഉപയോഗിച്ച് മെസി ബാഴ്സലോണ വിടാൻ ശ്രമിച്ചെങ്കിലും എഴുനൂറു മില്യണിന്റെ റിലീസിംഗ് ക്ളോസ് നിലനിൽക്കുമെന്നു വ്യക്തമാക്കിയാണ് ബാഴ്സ ഇതിനെ തടഞ്ഞത്.

മെസിയെ സമ്മറിൽ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും അതിൽ നിന്നും പിന്മാറാൻ മാഞ്ചസ്റ്റർ സിറ്റി ഒരുക്കമല്ല. ജനുവരിയിൽ താരത്തെ ടീമിലെത്തിക്കാനോ അല്ലെങ്കിൽ അടുത്ത സമ്മറിൽ സ്വന്തമാക്കാനുള്ള പ്രീ കോൺട്രാക്ട് നൽകാനോ ഉള്ള പദ്ധതിയാണ് സിറ്റി ഒരുക്കുന്നത്. ഈ സീസണോടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്നതിനാൽ ജനുവരി മുതൽ ഏതു ക്ലബുമായും ട്രാൻസ്ഫർ ചർച്ചകൾ മെസിക്കു നടത്താം.

എന്നാൽ ട്രാൻസ്ഫർ വിഷയത്തിൽ ജനുവരിയിൽ തന്നെ തീരുമാനമെടുക്കാൻ മെസിക്കു താൽപര്യമില്ല. ഏതാനും മാസങ്ങൾക്കു ശേഷം ബാഴ്സലോണ ബോർഡ് ഇലക്ഷൻ നടക്കാൻ സാധ്യതയുള്ളതിനാൽ അതു കഴിഞ്ഞ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്ന നിലപാടാണ് ബാഴ്സലോണ നായകന്റെത്. പുതിയ ബോർഡിന്റെ പ്രൊജക്ട് മികച്ചതാണെങ്കിൽ താരം കരാർ പുതുക്കിയേക്കും.

നിലവിൽ ലാലിഗയിൽ മോശം ഫോമിൽ കളിക്കുന്ന ബാഴ്സലോണക്കു വേണ്ടി തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇതുവരെയും മെസിക്കു കഴിഞ്ഞിട്ടില്ല. പുതിയ ശൈലിയും ടീമംഗങ്ങളുമായും ഒത്തു പോകുന്നതിൽ പരാജയപ്പെട്ടാൽ ടീം വിടുന്നതിനെക്കുറിച്ചു മെസി ചിന്തിക്കുമെന്ന പ്രതീക്ഷയാണു സിറ്റിക്കുള്ളത്.