സലായെ മൂന്നു മാസം നഷ്ടമാകും, ലിവർപൂളിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി

ഇന്റർനാഷണൽ ഡ്യൂട്ടി കാരണം അടുത്ത സീസണിൽ മൂന്നു മാസത്തോളം മൊഹമ്മദ് സലായെ ലിവർപൂളിനു നഷ്ടമാകുമെന്നു റിപ്പോർട്ടുകൾ. കൊറോണ വൈറസ് പ്രതിസന്ധി മൂലം അടുത്ത വർഷത്തേക്കു മാറ്റി വെച്ച ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഈജിപ്ത് ടീമിൽ താരവും ഉൾപ്പെടുമെന്നതു കൊണ്ടാണ് ലിവർപൂളിനു സലായെ നഷ്ടമാവുക.

ഒളിംപിക്സ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമിലെ താരങ്ങൾക്കു നിശ്ചിത പ്രായപരിധിയുണ്ടെങ്കിലും ഇതിന്റെ നിബന്ധനയിൽ നിന്നും ഒഴിവാക്കപ്പെടുന്ന മൂന്നു താരങ്ങളിലാണ് സലാ ഉൾപ്പെടുക. ഈജിപ്തിന്റെ U23 ടീമിന്റെ പരിശീലകനായ ഷാവ്കി ഗരിബ് ജപ്പാനിൽ ടീമിനെ നയിക്കാൻ ലിവർപൂൾ സൂപ്പർതാരം ഉണ്ടാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു.

ടോക്യോ ഒളിംപിക്സ് അടുത്ത വർഷം ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടു വരെയാണു നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതു മൂലം അടുത്ത സീസണിൽ ലിവർപൂളിന്റെ പ്രീ സീസൺ മത്സരങ്ങളും പ്രീമിയർ ലീഗ് സീസണിന്റെ തുടക്കവും താരത്തിനു നഷ്ടമാകും. ഇതിനു പുറമേ അടുത്ത സീസണിനിടയിൽ (2022 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ) നടക്കുന്ന ആഫ്രിക്കൻ നാഷൻസ് കപ്പിലും താരത്തിനു ഈജിപ്ഷ്യൻ ടീമിനൊപ്പം പങ്കെടുക്കേണ്ടി വരും.

ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസാണ് ലിവർപൂളിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടി. സലാക്കു പുറമേ സാഡിയോ മാനേ, നബി കെയ്റ്റ എന്നീ താരങ്ങളെയും ടൂർണമെൻറിന്റെ ഭാഗമായി ലിവർപൂളിൽ നിന്നും വിട്ടു നിൽക്കാൻ സാധ്യതയുണ്ട്.

Rate this post