ഭാവി തീരുമാനിക്കുള്ള അവകാശം മെസ്സിക്കുണ്ട്, പക്ഷെ സ്പാനിഷ് ഫുട്‍ബോളിന്റെയും ഞങ്ങളുടെയും നല്ലതിന് വേണ്ടി മെസ്സി ബാഴ്സയിൽ തുടരണമെന്ന് റാമോസ്.
എഫ്സി ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സി ബാഴ്സ വിടാനുള്ള ആഗ്രഹം ക്ലബ്ബിനെ അറിയിച്ചത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. മെസ്സിയുടെ കരിയർ ബാഴ്സയിൽ തന്നെ അവസാനിപ്പിക്കും എന്ന് ഏകദേശം ഉറപ്പിച്ച ഈയൊരു സാഹചര്യത്തിലായിരുന്നു മെസ്സി ക്ലബ് വിടാനുള്ള തീരുമാനം കൈകൊണ്ടത്.എന്നാൽ ഈയൊരു അവസാനനിമിഷത്തിൽ മെസ്സിയെ പറഞ്ഞു വിടണ്ട എന്ന തീരുമാനത്തിലാണ് ബാഴ്സയുള്ളത്. അതിനാൽ തന്നെ ഈയൊരു വിഷയത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ഫുട്ബോൾ ലോകത്തെ ഒട്ടനേകം പേര് ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കഴിഞ്ഞു.
ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ നായകൻ സെർജിയോ റാമോസ്. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ആണ് റാമോസ് മെസ്സിയെ കുറിച്ച് സംസാരിച്ചത്. മെസ്സിക്ക് തന്റെ ഭാവി തീരുമാനിക്കാനുള്ള അവകാശമുണ്ട് എന്നാണ് റാമോസ് അറിയിച്ചത്. എന്നാൽ സ്പാനിഷ് ഫുട്ബോളിന്റെയും ബാഴ്സയുടെയും ലാലിഗയുടെയും നല്ലതിന് വേണ്ടി മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും റാമോസ് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സിയെന്നും അങ്ങനെയുള്ള മികച്ച താരത്തെ പരാജയപ്പെടുത്താൽ നിങ്ങൾ എപ്പോഴും ഇഷ്ടപ്പെടുമെന്നും റാമോസ് പറഞ്ഞു.
"He's earned the right to decide his future, but I don't know if it's the best way"
— MARCA in English (@MARCAinENGLISH) September 2, 2020
Ramos has waded in on the Messi debate
👀https://t.co/KIFYuITYVq pic.twitter.com/0T0DD0ePl3
” മെസ്സിയുടെ സാഹചര്യം സംബന്ധിച്ച വിഷയങ്ങൾ നമുക്ക് ഒരു ഭാഗത്തേക്ക് മാറ്റിവെക്കാം. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. അദ്ദേഹത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. പക്ഷെ അദ്ദേഹം മികച്ച വഴയിലൂടെ തന്നെയാണോ പുറത്തു പോവുന്നത് എന്ന് എനിക്കറിയില്ല. സ്പാനിഷ് ഫുട്ബോളിന്റെയും ബാഴ്സയുടെയും ഞങ്ങളുടെയും നല്ലതിന് വേണ്ടി മെസ്സി ഇവിടെ തുടരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മെസ്സി സ്പാനിഷ് ടീമിനെയും എൽ ക്ലാസിക്കോയെയും അദ്ദേഹത്തിന്റെ ടീമിനെയും കൂടുതൽ ആകർഷകമാക്കുന്നു. നിങ്ങൾ എപ്പോഴും മികച്ചതിനെ തോൽപ്പിക്കാൻ ഇഷ്ടപ്പെടും. തീർച്ചയായും അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ” റാമോസ് പറഞ്ഞു.
റയൽ മാഡ്രിഡിന്റെ മറ്റൊരു താരമായ ടോണി ക്രൂസും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ബാഴ്സയുടെ ഏറ്റവും മികച്ച ആയുധത്തെയാണ് അവർ വിട്ടുകളയാൻ നിൽക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മെസ്സി റയൽ മാഡ്രിഡിലേക്ക് വരാൻ സാധ്യതകൾ ഇല്ലെന്നും കാരണം തങ്ങൾ ചിരവൈരികളായതിനാലുമാണ് അതെന്നും ക്രൂസ് അറിയിച്ചു.