ഇന്നലത്തെ കൂടിക്കാഴ്ച്ചയിൽ സംഭവിച്ചതെന്ത്? വിശദാംശങ്ങൾ ഇങ്ങനെ.

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരം ലയണൽ മെസ്സി തനിക്ക് ക്ലബ് വിടണമെന്ന് ബാഴ്സ ബോർഡിനെ അറിയിച്ചിട്ട് ഇപ്പോൾ ഒരാഴ്ച്ചക്ക് മുകളിലായി. അത്‌ ആഴ്ച്ചയിലുടനീളം ഫുട്ബോൾ ലോകം ചർച്ച ചെയ്തത് ഈ സൂപ്പർ താരത്തിന്റെ കൂടുമാറ്റത്തെ പറ്റി തന്നെയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങൾ നീങ്ങിയത്. മെസ്സിയുടെ ക്ലബ് വിടണമെന്ന ആഗ്രഹത്തിന് വിലങ്ങു തടിയായി നിന്നത് ബാഴ്സ ബോർഡ് തന്നെയായിരുന്നു. ഇതോടെ കാര്യങ്ങൾ താറുമാറായി. മെസ്സിക്ക് ബാഴ്സ വിട്ട് പുറത്തു പോവണമെന്നും എന്നാൽ ബാഴ്സ മാനേജ്മെന്റ് അതിന് ഒരുക്കവുമല്ല എന്ന രീതിയിലായിരുന്നു ഇത് വരെ കാര്യങ്ങൾ.

ഇതിനാൽ തന്നെ ഈയൊരു വിഷമം പിടിച്ച അവസ്ഥക്ക് പരിഹാരം കാണാനായിരുന്നു ഇന്നലെ, അതായത് ബുധനാഴ്ച്ച മെസ്സിയുടെ പിതാവും ക്ലബ് പ്രസിഡന്റ്‌ മരിയ ബർത്തോമുവും തമ്മിൽ ഒരു കൂടിക്കാഴ്ച്ച വിളിച്ചു ചേർത്തത്. ഇരുവിഭാഗക്കാരും തങ്ങളുടെ നിലപാടുകൾ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഈ കൂടിക്കാഴ്ച്ചയിൽ ആരെങ്കിലും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുമെന്നും അത്‌ വഴി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നുമായിരുന്നു ഫുട്ബോൾ ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചത് സംഭവിച്ചില്ല. മെസ്സിയുടെ പ്രതിനിധികളോ ബാഴ്സയുടെ പ്രതിനിധികളോ തങ്ങളുടെ നിലപാട് മയപ്പെടുത്താത്തതിനാൽ ഏകദേശം രണ്ട് മണിക്കൂറിനടുത്തു നീണ്ട ചർച്ചയിൽ ഒരു പുരോഗതിയും ഉണ്ടായില്ല.

ചുരുക്കത്തിൽ ഇന്നലത്തെ കൂടിക്കാഴ്ച്ച കൊണ്ട് വലിയ തോതിൽ ഉള്ള ഗുണമൊന്നും ഉണ്ടായില്ല എന്നർത്ഥം. മെസ്സിയെ പ്രതിനിധീകരിച്ചു കൊണ്ട് പിതാവ് ജോർഗെ മെസ്സിയും സഹോദരൻ റോഡ്രിഗോ മെസ്സിയുമാണ് ചർച്ചയിൽ പങ്കെടുത്തത്. മറുഭാഗത്ത് ബാഴ്‌സയെ പ്രതിനിധീകരിച്ചു കൊണ്ട് പ്രസിഡന്റ്‌ ബർത്തോമുവും ഡയറക്ടർമാരിൽ ഒരാളായ ഹവിയർ ബോർഡസും പങ്കെടുത്തു. മെസ്സിയുടെ പിതാവിന്റെ വാദം എന്തെന്നാൽ കോവിഡ് പ്രശ്നം മൂലം മെസ്സിക്ക് എപ്പോൾ വേണമെങ്കിലും ക്ലബ്‌ വിടാം എന്ന ഫ്രീ ട്രാൻസ്ഫർ ക്ലോസ് ജൂൺ പത്തിന് അവസാനിച്ചിട്ടില്ലെന്നും അതിനാൽ തന്നെ മെസ്സിക്ക് ഇപ്പോൾ ക്ലബ്‌ വിടാനുള്ള അവകാശം ഉണ്ടെന്നും അതിന് ക്ലബ് അനുവദിക്കണം എന്നുമാണ്.ഈ നിലപാടിൽ തന്നെയാണ് ജോർഗെ മെസ്സി ഉറച്ചു നിന്നതും.

എന്നാൽ ബർത്തോമുവിന്റെ നിലപാട് ഇങ്ങനെയായിരുന്നു. മെസ്സിയുടെ ഫ്രീ ട്രാൻസ്ഫർ ക്ലോസ് ജൂൺ പത്തിന് അവസാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ അതിന് നിയമസാധുത ഇല്ല. നിയമപ്രകാരം മെസ്സിക്ക് ഇപ്പോൾ ക്ലബ് വിടാൻ സാധിക്കില്ല. ക്ലബ് വിടണമെങ്കിൽ റീലിസ് ക്ലോസ് തുക മുഴുവനും നിർബന്ധമായും അടക്കണം. അല്ലാത്ത പക്ഷം മെസ്സി ബാഴ്സയിൽ തന്നെ തുടരും.മെസ്സി നിലവിൽ ഒരു ബാഴ്സ താരമാണ് എന്നും മെസ്സി പരിശീലനത്തിന് എത്തിച്ചേരണമെന്നുമാണ് ബർത്തോമു അറിയിച്ചത്. മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ചർച്ചകൾക്ക് സ്ഥാനമില്ലെന്നുമാണ് ബർത്തോമു അറിയിച്ചത്. ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.

Rate this post