റയൽ മാഡ്രിഡ്‌ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഇറ്റാലിയൻ വമ്പൻമാർ.

നിലവിലെ ലാലിഗ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിൽ നിന്നും യുവതാരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ. ഏകദേശം കരാറിന്റെ തൊട്ടടുത്തെത്തി കഴിഞ്ഞു എന്നാണ് ഒടുവിലെ അറിയിപ്പുകൾ. യുവതാരം ബ്രാഹിം ഡയസിനെയാണ് എസി മിലാൻ സ്വന്തമാക്കാനൊരുങ്ങുന്നത്. ലോണിൽ ആയിരിക്കും ഇനി താരം സിരി എയിൽ കളിക്കുക. ഉടനെ തന്നെ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഉണ്ടാവും.

താരം ഇന്നലെ തന്നെ സ്പെയിനിൽ നിന്ന് മിലാനിൽ എത്തിയിരുന്നു. മെഡിക്കൽ പൂർത്തിയാക്കിയ ശേഷം കരാറിൽ ഒപ്പുവെക്കും. താരത്തിന്റെ അവതരണചടങ്ങും ദിവസങ്ങൾക്കുള്ളിൽ തന്നെ നടത്തപ്പെടും. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് ഒരു വർഷത്തെ ലോണിൽ ആയിരിക്കും താരം എസി മിലാനിൽ കളിക്കുക. എന്നാൽ ലോൺ കാലാവധി കഴിഞ്ഞ് താരത്തെ സ്വന്തമാക്കാനുള്ള ഓപ്ഷൻ റയൽ മാഡ്രിഡ്‌ എസി മിലാന് നൽകിയിട്ടില്ല. ഇരുപത്തിയൊന്നുകാരനായ താരം അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് ക്ലബ് വിടുന്നത്.

കഴിഞ്ഞു ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു താരം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് എത്തിയത്. പക്ഷെ താരസമ്പന്നമായ റയൽ മാഡ്രിഡിൽ വല്ലപ്പോഴും മാത്രമേ സിദാന് താരത്തിന് അവസരം നൽകാൻ കഴിഞ്ഞൊള്ളൂ. ഹസാർഡ്, വിനീഷ്യസ്, റോഡ്രിഗോ, അസെൻസിയോ, ലുക്കാസ് വാസ്‌കസ്, ഇസ്കോ എന്നിവരുടെ ഇടയിൽ നിന്ന് ബ്രാഹിമിന് വേണ്ട രീതിയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല.

എന്നാൽ താരത്തിന്റെ ക്വാളിറ്റിയിൽ സിദാന് സംശയമില്ല. അത്കൊണ്ടാണ് താരത്തെ ലോണിൽ അയക്കാൻ സിദാൻ തീരുമാനിച്ചത്. കൂടുതൽ മത്സരങ്ങളും അവസരങ്ങളും ലഭിച്ചാൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിവുള്ള താരമാണ് എന്ന് സിദാന് ബോധ്യപ്പെട്ടിട്ടുണ്ട്. റയൽ മാഡ്രിഡിന് ഭാവിയിൽ ഒരു മുതൽകൂട്ടാവാനും താരത്തിന് സാധിച്ചേക്കും. അത്കൊണ്ട് തന്നെയാണ് താരത്തെ വാങ്ങാനുള്ള ഓപ്ഷൻ റയൽ നൽകാതെ ഇരിക്കുന്നത്.ജാപ്പനീസ് സൂപ്പർ താരം കുബോയെയും റയൽ മാഡ്രിഡ്‌ ഈ സീസണിൽ ലോണിൽ അയിച്ചിരുന്നു. എന്നാൽ ലോണിൽ കളിച്ചിരുന്ന മാർട്ടിൻ ഒഡീഗാർഡിനെ റയൽ തിരിച്ചു വിളിച്ചിരുന്നു.

Rate this post