മനോഹരം..അതിമനോഹരം മെസ്സി..പിഎസ്ജി മുന്നോട്ട്

ഫ്രഞ്ച് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വിജയത്തോടുകൂടി പിഎസ്ജി മുന്നോട്ട് കുതിക്കുകയാണ്.ടുളൂസെക്കെതിരെ നടന്ന മത്സരത്തിലാണ് പിറകിൽ നിന്നും പിഎസ്ജി വിജയിച്ചു കയറിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പിഎസ്ജി വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ബൂമന്റെ ഫ്രീകിക്ക് ഗോളിലൂടെ ടുളൂസെ പിഎസ്ജിയെ ഞെട്ടിക്കുകയായിരുന്നു.പക്ഷേ ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിനു മുന്നേ തന്നെ പിഎസ്ജി ഹക്കീമിയിലൂടെ സമനില പിടിച്ചു.സോളറുടെ അസിസ്റ്റിൽ നിന്നാണ് ഹക്കീമിയുടെ ഗോൾ പിറന്നത്.

രണ്ടാം പകുതിയിൽ 58ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ അതിമനോഹരമായ ഗോൾ പിറക്കുന്നത്.ഹക്കീമിയുടെ പാസ് രണ്ടാമതൊന്ന് ചിന്തിക്കാതെ ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസ്സി വലയിൽ എത്തിക്കുകയായിരുന്നു.ബോക്സിന് വെളിയിൽ നിന്നാണ് മെസ്സിയുടെ ഈ ഷോട്ട് പിറന്നത്.നയനമനോഹരമായ ഒരു ഗോൾ കൂടി മെസ്സിയിൽ നിന്നും കാണാനായതിന്റെ സംതൃപ്തിയിലാണ് അദ്ദേഹത്തിന്റെ ആരാധകരുള്ളത്.

ഈ ലീഗ് വണ്ണിൽ മെസ്സി നേടുന്ന പത്താമത്തെ ഗോൾ ആയിരുന്നു ഇത്.ഈ സീസണിൽ ക്ലബ്ബിനുവേണ്ടി 15 ഗോളുകൾ ആകെ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.ലീഗുകളിൽ ആകെ കരിയറിൽ 490 ഗോളുകൾ മെസ്സി നേടിക്കഴിഞ്ഞു. ക്ലബ്ബ് കരിയറിൽ 698 ഗോളുകളും സീനിയർ കരിയറിൽ 796 ഗോളുകളും മെസ്സി ഇതോടുകൂടി കമ്പ്ലീറ്റ് ചെയ്തു കഴിഞ്ഞു.

നെയ്മർ,എംബപ്പേ,റാമോസ്,വെറാറ്റി തുടങ്ങിയ താരങ്ങളുടെ അഭാവത്തിലും വിജയം നേടാൻ കഴിഞ്ഞത് പിഎസ്ജിക്ക് കോൺഫിഡൻസ് പകരുന്ന ഒന്നാണ്.22 മത്സരങ്ങളിൽ നിന്ന് 54 പോയിന്റ് ഉള്ള പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.21 മത്സരങ്ങളിൽ നിന്ന് 46 പോയിന്റ് ആണ് മാഴ്സെക്ക് ഉള്ളത്.ഇനി പിഎസ്ജിയുടെ അടുത്ത മത്സരം കോപ ഡി ഫ്രാൻസിൽ ഇതേ മാഴ്സെക്കെതിരെയാണ്.

Rate this post