സൂപ്പർതാരം ലൂയിസ് സുവാരസ് അവസാനം അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ താരത്തോട് തന്റെ പദ്ധതികളിൽ ഇടമില്ലെന്നു അറിയിക്കുകയായിരുന്നു. നിറകണ്ണുകളോടെ വികാരഭരിതനായാണ് സുവാരസ് ബാഴ്സലോണ വിട്ടത്. എന്നാൽ സുവാരസിനോട് ബാഴ്സ ചെയ്തത് മോശമായെന്നു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തുറന്നടിച്ചിരിക്കുകയാണ് പ്രിയസുഹൃത്തായ ലിയോ മെസിയും.
“നിനക്ക് നല്ലത് രീതിയിലുള്ള വിടവാങ്ങൽ അർഹിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട തരങ്ങളിലൊരാൾ, ക്ലബ്ബിനു വേണ്ടി പ്രധാനകാര്യങ്ങൾ നേടാൻ സഹായിച്ചതാരം-വ്യക്തിപരമായും ഒരു സംഘമായും, അവർ ചെയ്തപോലെ ഇങ്ങനെ ചവിട്ടിപ്പുറത്താക്കപ്പെടേണ്ടതല്ലായിരുന്നു. എങ്കിലും ഈ ഒരു ഘട്ടത്തിൽ ഒന്നും എന്നെ അത്ഭുതപ്പെടുത്തുന്നില്ല.”
“നിന്റെ പുതിയ വെല്ലുവിളികൾക്ക് ആശംസകളേകുന്നു, ഞാൻ നിന്നെ വളരെയധികം ഇഷ്ടപ്പെടുന്നു, വളരെയധികം ഇഷ്ടപ്പെടുന്നു, വീണ്ടും കാണാം സുഹൃത്തേ. ” മെസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്നാൽ ഇതിനു പിന്തുണയുമായി ബോർഡിന്റെ ചെയ്തിതികൾക്കെതിരെ തുറന്നടിച്ചുകൊണ്ട് മുൻ താരങ്ങളായ നെയ്മറും ഡാനി ആൽവസും മറുപടികൾ കുറിച്ചിട്ടുണ്ട്.
അവർ എന്താണ് ചെയ്യുന്നതെന്ന് അവിശ്വസനീയമായി തോന്നുന്നുവെന്നാണ് നെയ്മർ കുറിച്ചത്. ഡാനി ആൽവെസാണ് ബോര്‍ഡിനെ നിശിതമായി വിമർശിച്ചത്. “നിർഭാഗ്യവശാൽ കുറെ കാലമായി ഇതാണ് യാഥാർത്ഥ്യം. വർഷം തോറും അത് തെളിയിക്കുന്നുണ്ട്. ഇതൊരിക്കലും തോൽവിയെയോ വിജയത്തെയോക്കുറിച്ചുള്ളതല്ലെന്നു നമുക്ക് നന്നായി അറിയാം. എന്നാലത് ബഹുമാനത്തേക്കുറിച്ചാണെന്നുള്ളത് അവർക്ക് ഇതുവരെ മനസിലായിട്ടില്ല.”ആൽവസ് മറുപടിയായി കുറിച്ചു.