മെസ്സി നിറഞ്ഞാടി , തകർപ്പൻ ജയം നേടി പിഎസ്ജി

പകുതിയിലധികം പത്തു പേരുമായി കളിച്ച സെന്റ്-എറ്റിയെനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു വിട്ട് പിഎസ്ജി. സ്പാനിഷ് താരം സെർജിയോ റാമോസ് പിഎസ്ജി ക്ക് വേണ്ടി കളത്തിലിറങ്ങുകയും ചെയ്തു. പിസ്ജിക്ക് വേണ്ടി ബ്രസീലിയൻ ഡിഫൻഡർ മാർകിൻഹോസ്‌ രണ്ടും ഡി മരിയ ഒരു ഗോളും നേടി. സൂപ്പർ താരം ലയണൽ മെസ്സി നിറഞ്ഞാടിയ മത്സരം കൂടിയായിരുന്നു ഇത്.മത്സരത്തിൽ ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും ഹാട്രിക്ക് അസ്സിസ്റ് താരം സ്വന്തമാക്കി. ബ്രസീലിയൻ താരം നെയ്മർ പരിക്കേറ്റ് പുറത്തു പോയത് വരും മത്സരങ്ങളിൽ പാരിസിന് ആശങ്കയിലാക്കി.

മഞ്ഞിൽ കുളിച്ച മത്സരത്തിൽ അഞ്ചാം മിനുട്ടിൽ തന്നെ നെയ്മറിലൂടെ പഎസ്ജി മുന്നിലെത്തിയെങ്കിലും ഓഫ്‌സൈഡ് കെണിയിൽ കുണുങ്ങിയതോടെ റഫറി ഗോൾ നിഷേധിച്ചു. 14 ആം മിനുട്ടിൽ എംബാപ്പക്കും ഗോൾ അവസരം ലഭിച്ചെങ്കിലും ഇംഗ്ലണ്ട് അണ്ടർ 21 ഗോൾകീപ്പർ എറ്റിയെൻ ഗ്രീനിന്നെ പരാജയപ്പടുത്താനായില്ല. കളിയുടെ ഗതിക്ക് വിപരീതം എന്നവണ്ണം സെന്റ്-എറ്റിയെൻ മുന്നിലെത്തി.23 ആം മിനുട്ടിൽ ഡെനിസ് ബൗംഗ റീബൗണ്ടിൽ നിന്നാണ് ഗോൾ കണ്ടെത്തിയത്.

41 ആം മിനുട്ടിൽ എംബപ്പേ ബോക്സിൽ ഒരു കൃത്യമായ പാസ് സ്വീകരിക്കുകയും നേരത്തെ ഷോട്ട് എടുക്കുകയും ചെയ്‌തെങ്കിലും ഗോൾ കീപ്പർ എറ്റിയെൻ ഗ്രീൻ മികച്ച സേവ് നടത്തുകയും ചെയ്തു.ഇടവേളയ്ക്ക് തൊട്ടുമുമ്പ് കടുത്ത ഫൗളിന് സെന്റ് എറ്റിയെൻ ഡിഫൻഡർ തിമോത്തി കൊളോഡ്‌സിജ്‌സാക്കിനെ റഫറി ചുവപ്പ് കാണിച്ചു പുറത്താക്കി. ചുവപ്പ് കാർഡിന് പിന്നാലെ പിഎസ്ജി സമനില നേടി. ലയണൽ മെസ്സിയുടെ ഫ്രീകിക്കിൽ നിന്നും ഹെഡ്ഡറിലൂടെ മാർക്വിനോസാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ പിഎസ്ജി കൂടുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ നേടാനായില്ല. എംബാപ്പക്കും മെസ്സിക്കും അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 69 ആം മിനുട്ടിൽ റീബൗണ്ടിൽ നിന്നും മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. 79 ആം മിനുട്ടിൽ പിഎസ്ജി ലീഡ് നേടി, ലയണൽ മെസ്സിയുടെ പാസിൽ നിന്നും ഡി മരിയയാണ് ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ലയണൽ മെസ്സി തന്റെ മികച്ച സാങ്കേതികത പ്രദർശിപ്പിക്കുകയും ബോക്സിലേക്ക് മനോഹരമായ ലോഫ്റ്റഡ് ക്രോസ് നൽകിയപ്പോൾ മാർക്വിനോസ് ഹെഡ്ഡറിലൂടെ സ്കോർ 3 -1 ആക്കി ഉയർത്തി.

Rate this post