മെസ്സി നൽകിയ ഒരുപാട് ഉപദേശങ്ങൾ തുണയായി, ബാഴ്സയുടെ യുവവിസ്മയം പെഡ്രി പറയുന്നു.

ചാമ്പ്യൻസ് ലീഗിൽ നടന്ന യുവന്റസിനെതിരെയുള്ള മത്സരത്തിലായിരുന്നു യുവതാരം പെഡ്രിയുടെ മിന്നും പ്രകടനത്തിന് ബാഴ്‌സ സാക്ഷ്യം വഹിച്ചത്. കൂട്ടീഞ്ഞോയുടെ സ്ഥാനത്ത്‌ ആദ്യ ഇലവനിൽ ഇടം നേടിയ ഈ പതിനേഴുകാരൻ പലപ്പോഴും യുവന്റസ് പ്രതിരോധനിരക്ക് തലവേദന സൃഷ്ടിക്കുകയായിരുന്നു ചെയ്തത്. അതിന് മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വേറൊസിനെതിരെയുള്ള മത്സരത്തിൽ താരം ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു.

അങ്ങനെ ആരാധകരുടെ മനം കവർന്ന പ്രകടനത്തിനുടമയാണ് പെഡ്രി. ഇപ്പോഴിതാ ഈ യുവതാരം മെസ്സിയുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. കളത്തിനകത്ത് മെസ്സി തന്നെ ഒരുപാട് സഹായിക്കുന്നുണ്ടെന്നും മെസ്സി നൽകിയ ഉപദേശങ്ങൾ തനിക്ക് തുണയാവുന്നുണ്ടെന്നുമാണ് പെഡ്രി അറിയിച്ചത്. താരത്തിന്റെ വാക്കുകൾ സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് ആണ് റിപ്പോർട്ട്‌ ചെയ്തത്. മെസ്സിയിൽ നിന്നും മെസ്സിയുടെ കളിശൈലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും പെഡ്രി കൂട്ടിച്ചേർത്തു.

” മെസ്സി എന്നെ കളത്തിനകത്ത് ഒരുപാട് സഹായിക്കുന്നുണ്ട്. ഒരുപാട് ഉപദേശങ്ങൾ അദ്ദേഹം എനിക്ക് നൽകുന്നുണ്ട്. അതും വളരെയധികം ഉപയോഗപ്രദമായ ഉപദേശങ്ങളാണ്. ഞങ്ങൾ അദ്ദേഹത്തെ ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഭാവിയിൽ ഇടപെടാൻ ഞങ്ങൾ ഒരിക്കലും ശ്രമിക്കില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. നിലവിൽ ഞങ്ങൾ അദ്ദേഹത്തിൽ നിന്നും കാര്യങ്ങൾ പഠിക്കാനാണ് ശ്രമിക്കുന്നത് ” പെഡ്രി പറഞ്ഞു.

ഈ ട്രാൻസ്ഫറിൽ ലാസ്പാൽമസിൽ നിന്നായിരുന്നു താരം ബാഴ്‌സയിൽ എത്തിയത്. കഴിഞ്ഞ സീസൺ ലാസ്പാൽമസിന് വേണ്ടി നാലു ഗോളും ആറു അസിസ്റ്റും താരം നേടിയിരുന്നു. ഈ സീസണിൽ ബാഴ്സക്ക് വേണ്ടി എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ കണ്ടെത്തിയിട്ടുമുണ്ട്. കേവലം അഞ്ച് മില്യൺ യൂറോക്കായിരുന്നു താരത്തെ ബാഴ്‌സ സൈൻ ചെയ്തിരുന്നത്. ദശകത്തിലെ സൈനിങ്‌ എന്നായിരുന്നു ഇതിനെ മാർക്ക വിശേഷിപ്പിച്ചത്.

Rate this post