റാമോസ് റയൽ മാഡ്രിഡ് വിടുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് പരിശീലകൻ സിദാൻ.
ഈ സീസൺ കഴിയുന്നതോട് കൂടി ഫ്രീ ഏജന്റ് ആവുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ്. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനത്തിലെത്താൻ റാമോസിനും ക്ലബ്ബിനും സാധിച്ചിട്ടില്ല. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് റാമോസും ക്ലബും തമ്മിൽ അഭിപ്രായവിത്യാസമുണ്ട് എന്ന വാർത്തകൾ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.
എന്നാൽ റാമോസ് റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന കാര്യത്തിൽ പരിശീലകൻ സിനദിൻ സിദാന് ഒരു സംശയവുമില്ല. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിന് വേണ്ടി രണ്ടാം ഗോൾ നേടിയത് സെർജിയോ റാമോസ് ആയിരുന്നു. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ ഇന്റർ മിലാനെ കീഴടക്കിയിരുന്നത്. ഈ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് സിദാൻ ഇക്കാര്യം അറിയിച്ചത്.
"We love him forever." ❤️
— Goal News (@GoalNews) November 4, 2020
” റാമോസ് റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയങ്ങളുമില്ല. അദ്ദേഹം ഞങ്ങളുടെ നായകനാണ്. തീർച്ചയായും ഞങ്ങൾ അദ്ദേഹത്തെ എക്കാലത്തും ഇഷ്ടപ്പെടും ” സിദാൻ പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ ഗോൾ കണ്ടെത്തിയതോട് കൂടി റയൽ മാഡ്രിഡിന് വേണ്ടി മറ്റൊരു സുവർണ്ണനേട്ടം കൈവരിക്കാൻ റാമോസിന് കഴിഞ്ഞിരുന്നു. റയൽ ജേഴ്‌സിയിൽ നൂറ് ഗോളുകളാണ് താരം ഇതുവരെ നേടികഴിഞ്ഞത്.
റയലിന് വേണ്ടി ആകെ 659 മത്സരങ്ങളിൽ നിന്നാണ് താരം നൂറ് ഗോളുകൾ തികച്ചത്. ഇതിൽ 55 എണ്ണവും ഹെഡർ ഗോളുകളായിരുന്നു. ഇന്നലെ ഇന്റർ മിലാനെതിരെയും താരം ഹെഡറിൽ നിന്നാണ് ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ എട്ട് ഹെഡർ ഗോളുകൾ താരം നേടി കഴിഞ്ഞു. 2003/04 സീസണിൽ ജോൺ ടെറി നേടിയ ഏഴ് ഹെഡർ ഗോളുകൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഡിഫൻഡർ ഇത്രയധികം ഹെഡർ ഗോളുകൾ നേടുന്നത്.