മെസ്സിയുടെയും റൊണാൾഡോയുടെയും തീരുമാനങ്ങൾ ശെരിയായിരുന്നോ?

ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച രണ്ട് വമ്പന്‍ ട്രാന്‍സഫറുകളായിരുന്നു ഇക്കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നടന്നത്. ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് കൂടുമാറ്റങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ മെസ്സിയെന്നാല്‍ ബാഴ്‌സലോണയും ബാഴ്‌സയെന്നാല്‍ മെസ്സിയുമായിരുന്നു. എന്നാല്‍ ഈ സമവാക്യത്തെ ചരിത്രമാക്കിക്കൊണ്ടാണ് സാക്ഷാല്‍ നെയ്മറും എംബപെയുമൊക്കെ പന്ത് തട്ടുന്ന പാരീസ് സെന്റ് ജെര്‍മയിന്റെ തട്ടകത്തിലേയ്ക്ക് മെസ്സിയെത്തുന്നത്.

മറ്റൊന്ന് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേയ്ക്കുള്ള മടങ്ങിയെത്തലായിരുന്നു. റൊണാള്‍ഡോ യുവന്റസ് വിടാനൊരുങ്ങുന്നു എന്ന് കേട്ടതുമുതല്‍ ഇനി എവിടേയ്ക്ക് എന്ന ചോദ്യം ലോകം മുഴുവന്‍ ചോദിച്ചു കൊണ്ടിരുന്നു. എന്നാല്‍ അവസാന നിമിഷം വരെ സസ്‌പെന്‍സ് കാത്തു സൂക്ഷിച്ച് റൊണാള്‍ഡെ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേയ്ക്ക് തിരികെയെത്തി. ഇരുവരും പുതിയ ജേഴ്‌സിയില്‍ അങ്കത്തട്ടില്‍ ഇറങ്ങി കഴിഞ്ഞു.

ഇരുവരും പുതിയ ക്ലബ്ബുകളില്‍ എത്തിയെങ്കിലും അതിന് ശേഷം കഴിഞ്ഞ കളികള്‍ വച്ച് പൂര്‍ണ്ണ തോതില്‍ ഒരു വിലയിരുത്തല്‍ അസാധ്യമാണ്. കാരണം മെസ്സിക്ക് പിഎസ്ജിയുടെ ജേഴ്‌സിയില്‍ കളത്തിനിറങ്ങാനായത് തന്നെ കുറഞ്ഞ സമയത്ത് മാത്രമാണ്. എന്നാല്‍ ഇറങ്ങിയ കളികളില്‍ ഒരു വരവറിയിക്കല്‍ നടത്താന്‍ മെസ്സിക്ക് സാധിച്ചില്ല എന്നതും സത്യമാണ്. മെസ്സിയെപ്പോലുള്ള താരം ഫ്രഞ്ച് ലീഗിലേയ്‌ക്കെത്തുമ്പോള്‍ ആദ്യ കളിയില്‍ തന്നെ ഒരു ഗോളാണ് പ്രതീക്ഷ. അത് നിറവേറ്റാന്‍ ഫുട്‌ബോളിന്‍രെ മിശിഹായ്ക്ക് കഴിഞ്ഞില്ല. മെസ്സിയെന്ന വിസ്മയത്തെ വിലയിരുത്താന്‍ പക്ഷെ ഈ കളികള്‍ മതിയാവില്ല. ഇപ്പോള്‍ മിന്നിയില്ലെങ്കിലും നാളെ പിഎസ്ജിയുടെ തീപ്പന്തമാകാന്‍ മെസ്സിക്കാവുമെന്ന് ആരാധകര്‍ക്കുറപ്പാണ്.

ഫ്രഞ്ച് ലീഗിലെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാര്‍ തന്നെയാണ് പിഎസ്ജി. നെയ്മറും എംപപ്പെയുമടങ്ങുന്ന വമ്പന്‍ താരനിരയും ഒപ്പമുണ്ട് അതു കൊണ്ട് തന്നെ ഫ്രഞ്ച് ലീഗിലെ കിരീടത്തില്‍ മെസ്സിക്ക് പ്രത്യേകിച്ചൊച്ചും ചെയ്യാനില്ല. എന്നാല്‍ പൊന്നും വിലയ്ക്ക് പിഎസ്ജി കൊണ്ടുവന്ന താരത്തിന്റെ ഉത്തരവാദിത്വം യുവേഫ ചാമ്പ്യന്‍ ലീഗ് കിരീടം പാരീസിലെത്തിക്കുക എന്നതാണ്. അതെത്തിച്ചാല്‍ മാത്രമെ ട്രാന്‍സ്ഫര്‍ ജാലകത്തിലെ പിഎസ്ജിയുടെ നീക്കം കൃത്യമായിരുന്നോ എന്നു പറയാന്‍ സാധിക്കൂ.ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയെങ്കിലും അഞ്ചു ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും മെസ്സിക്ക് സ്കോർ ചെയ്യാനായില്ല.

എന്നാല്‍ മറുവശത്ത് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലെത്തിയ റൊണാള്‍ഡോയിലൂടെ അവര്‍ ലക്ഷ്യം വയ്ക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം തന്നെയാണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ഒരു കിരീടത്തില്‍ മുത്തമിട്ടിട്ട്. ഇന്നിപ്പോള്‍ ആ ലക്ഷ്യം നിറവേറ്റാന്‍ ഏറ്റവും യോഗ്യനായ ആളെ തന്നെയാണ് ഇവര്‍ വിലയ്‌ക്കെടുത്തിരിക്കുന്നത്.ആദ്യ കളിയില്‍ തന്നെ ഇരട്ടഗോളടിച്ചു തുടങ്ങിയ റൊണാള്‍ഡോ മികച്ച ഫോമിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ പരാജയപ്പെട്ട കളിയില്‍ പോലും തന്റെ സാന്നിധ്യമറിയിക്കാന്‍ റൊണാള്‍ഡോയ്ക്കായി. മാത്രമല്ല റൊണാള്‍ഡോയിലൂടെ ടീമിന് ലഭിച്ചിരിക്കുന്ന ആത്മവിശ്വാസവും ചെറുതല്ല. ചാമ്പ്യൻസ് ലീഗിൽ രണ്ടു മത്സരങ്ങളിൽ റൊണാൾഡോയുടെ ഗോളിലാണ് യുണൈറ്റഡ് വിജയം നേടിയത്. പ്രീമിയർ ലീഗിൽ തുടർച്ചയായ തോൽവികൾക്ക് ശേഷം റൊണാൾഡോയുടെ മികവിലാണ് ഇന്നലെ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്..

നിലവിൽ പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിന് റൊണാള്‍ഡോ ഈ ഫോം തുടര്‍ന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഈ സീസണ്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ഒരു പക്ഷെ തങ്ങളുടേതാക്കി മാറ്റിയേക്കാം. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ കളിക്കളത്തില്‍ ആളിക്കത്തുന്ന റൊണാള്‍ഡോ തന്നെയാണ് ഈ പ്രഭാവത്തിന് കാരണമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാം.

Rate this post