മെസ്സിയും റൊണാൾഡോയും ഓസിലും ഒരേ തകട്ടകത്തിലേക്കോ?

കഴിഞ്ഞ ദിവസങ്ങളിലായി ബാഴ്‌സലോണ ഇതിഹാസമായ മെസ്സിയും ആർസെനൽ വിടാനൊരുങ്ങുന്ന ഓസിലും അമേരിക്കയിലെ എം.എൽ.എസ്സിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായ റിപ്പോർട്ടുകൾക്ക് നാം സാക്ഷ്യം വഹിച്ചതാണ്. യൂറോപ്പിലെ മുൻ നിര ക്ലബ്ബുകളിൽ കളിക്കുന്ന സൂപ്പർ താരങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരിയറിന്റെ കലാശകൊട്ട് തീർക്കാൻ തെരഞ്ഞെടുക്കുന്നത് എം.എൽ.എസ്സിനെയാണ്.

വൻ പ്രതിഫലം കൊടുക്കാനുള്ള സാമ്പത്തിക ശേഷിയും അമേരിക്കയിലെ ആകർഷണീയമായ ജീവിത ശൈലിയുമാണ് ഒട്ടു മിക്ക യൂറോപ്യൻ താരങ്ങളെയും അമേരിക്കൻ ലീഗിലേക്ക് ക്ഷണിക്കുന്നത്. കൂടാതെ ഇപ്പോൾ ബെക്കാമിനെ പോലുള്ള ഇതിഹാസ താരങ്ങൾ യൂറോപ്പിലെ ക്ലബ്ബുകൾക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ തക്ക ശേഷിയുള്ള ക്ലബ്ബുകളെ സൃഷ്ടിച്ചപ്പോൾ, അമേരിക്കൻ ലീഗിലേക്ക് കളി മാറ്റാൻ സാധ്യതകയുള്ള താരങ്ങളെ പറ്റി ഒന്നു പരിശോധിക്കാം….

ഓസിൽ (ആർസെനൽ)

സാധ്യത ക്ലബ്ബ്: ഡി.സി യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണിയുടെ മുൻ ക്ലബ്ബായ ഡി.സി യുണൈറ്റഡ് ജർമൻ സൂപ്പർ താരമായ മേസൂട് ഓസിലിനായ രംഗത്തുണ്ട്. താരത്തിന് സമ്മതമാണെങ്കിൽ ഈ വരുന്ന സമ്മറിൽ ആർസനലുമായിട്ടുള്ള കരാർ അവസാനിച്ചതിനു ശേഷം ക്ലബ്ബിൽ ചേരാവുന്നതാണ്.

ലയണൽ മെസ്സി (ബാഴ്‌സലോണ)

സാധ്യത ക്ലബ്ബ്: ന്യൂ യോർക് സിറ്റി എഫ്.സി, മാഞ്ചസ്റ്റർ സിറ്റി

മെസ്സി തനിക്ക് കരിയർ അവസാനികുന്നതിനു മുൻപ് എം.എൽ.എസ്സിൽ കളിക്കണമെന്നുള്ള ആഗ്രഹം അദ്ദേഹവുമായിട്ടുള്ള ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനടത്തിൽ അമേരിക്കൻ വമ്പന്മാരായ ന്യൂ യോർക് സിറ്റി എഫ്.സി താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു. പക്ഷെ, ഈ ട്രാൻസ്ഫർ നടക്കണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സഹായം ക്ലബ്ബിനു വേണ്ടി വരും. കാരണം മെസ്സി ബാഴ്‌സ വിടുകയാണെകിൽ അദ്ദേഹം മുൻ പരിശീലകനായ പെപ്പിന്റെ ടീമിലേക്ക് പോവുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാണ്.

ലൂയി സുവാരസ് (അത്ലറ്റികോ മാഡ്രിഡ്)

സാധ്യത ക്ലബ്ബ്: ഇന്റർ മയാമി, ന്യൂ യോർക് സിറ്റി എഫ്.സി

മെസ്സിയുടെ ഉറ്റ സുഹൃത്തായ താരത്തിന് നിലവിൽ അത്ലറ്റിക്കോയുമായി 2022 വരെ കരാറുണ്ട്. താരത്തിന് മെസ്സിയുമായി വീണ്ടും കളിക്കാൻ സാധിക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. മെസ്സി അമേരിക്കൻ ലീഗിലേക്ക് ചേക്കേറുകയാണെങ്കിൽ മെസ്സിയോടൊപ്പം മെസ്സി-സുവാരസ് കൂട്ടുകെട്ടിനെ ലോക ഫുട്‌ബോൾ ആരാധകർക്ക് വീണ്ടും ആസ്വദിക്കാം.

ക്രിസ്റ്റ്യാനോ റൊണാൾഡോ (ജുവെന്റസ്)

സാധ്യത ക്ലബ്ബ്: ഒർലാൻഡോ സിറ്റി

പോർച്യുഗൽ ഫുട്‌ബോൾ ടീമിലെ തന്റെ സഹ താരമായ നാനിയോടൊപ്പം അമേരിക്കൻ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ബ്രസീലിയൻ ഇതിഹാസമായ കക്കയുടെ മുൻ ക്ലബ്ബായ ഒർലാൻഡോ സിറ്റിയിലാണ് നിലവിൽ നാനി കളിക്കുന്നത്.

റഡമൽ ഫൽകാവോ (ഗലതസാരെ)

സാധ്യത ക്ലബ്ബ്: ഇന്റർ മിയാമി

ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി കഴിഞ്ഞ സീസണിൽ അർജന്റീന സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയ്നെ ടീമിൽ എത്തിച്ചു. ഇപ്പോഴിതാ കൊളമ്പിയൻ സ്‌ട്രൈക്കറായ ഫൽകാവോയുമായി ഹിഗ്വെയ്നെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ്.

വരും സീസണുകളിൽ യൂറോപ്പിലെ വൻ ശക്തികളിൽ നിന്നും അമേരിക്കൻ ലീഗിലേക്ക് സൂപ്പർ താരങ്ങൾ കൂടുമാറുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം….